നടുവണ്ണൂരിൻ്റെ പ്രസിഡൻ്റായി ലീഗിൻറെ ട്രിപ്പിൾ വിജയി കെ കെ സൗദ വരുമോ
കൃഷ്ണദാസ് ചീടത്തിലോ എപി ഷാജി മാസ്റ്ററോ വൈസ് പ്രസിഡണ്ട് ആകും
നടുവണ്ണൂർ: ഇരുപതാണ്ടിനു ശേഷം പൊരുതി നേടിയ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തലപ്പത്തേക്ക് ആരു വരണം എന്ന ചോദ്യം തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ യുഡിഎഫിൽ ചർച്ചയായിരുന്നു. വോട്ടെണ്ണലിന്റെ മുമ്പ് ഈ ചർച്ച മിക്കവാറും കോൺഗ്രസ് പ്രതിനിധിയിൽ അവസാനിച്ചെങ്കിൽ വോട്ടെണ്ണലിന് ശേഷം ചർച്ച യുഡിഎഫിലെ വലിയ ഒറ്റകക്ഷിയായ മുസ്ലിംലീഗിലേക്കാണ് നീങ്ങുന്നത്. 11 ൽ 6 സീറ്റ് നേടിയാണ് യുഡിഎഫിൽ ഇതാദ്യമായി ലീഗ് വലിയ ഒറ്റക്കക്ഷിയായത്. അതു കൊണ്ടു തന്നെ പ്രസിഡണ്ട് സ്ഥാനം ആവശ്യപ്പെടാൻ ലീഗിന് എന്തു കൊണ്ടും അർഹതയുമുണ്ട്. ഇത് പൊതുവേ കോൺഗ്രസ്സും അംഗീകരിക്കുന്നതിനാൽ രണ്ടര വർഷം വീതം എന്ന ഉപാധിയിൽ ഭരണം നടക്കും. നിലവിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ വരെ ഇത് സംബന്ധിച്ച് ചർച്ചകൾ നിർത്തിവച്ചിരിക്കുകയാണ്. പ്രസിഡണ്ട് പദവി ലഭിക്കുകയാണെങ്കിൽ ആര് എന്ന ചോദ്യത്തിന് ലീഗിൽ ഒട്ടും ആശയക്കുഴപ്പമുണ്ടാവില്ല. കാരണം കഴിഞ്ഞ രണ്ട് ടേമിലും പാർട്ടി കൊടുത്ത ദൗത്യം ഭംഗിയായി നിർവഹിച്ച പതിമൂന്നാം വാർഡ് മെമ്പർ കെ.കെ.സൗദയെ തന്നെ അവർ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദ്ദേശിക്കും. അതേസമയം പതിനഞ്ചാം വാർഡിൽ നിന്നും മുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച നവാഗത മെമ്പർ സാജിറ അനസിനെയും ചിലർ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഭരണസമിതിയിലെ പ്രവർത്തന പരിചയമില്ലായ്മ ബിരുദാനന്തര ബിരുദധാരിയും റിസർച്ച് സ്കോളറുമായ സാജിറ അനസിന് തടസ്സമാകും. 2015ലും 20ലും ഗ്രാമ പഞ്ചായത്ത് മെമ്പർ എന്ന നിലയിലെ പരിചയമാണ് സൗദയുടെ മുതൽക്കൂട്ടും മുൻതൂക്കവും.
സീറ്റ് വിഭജന സമയത്ത് യുഡിഎഫിലുണ്ടായിരുന്ന തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പക്ഷേ പ്രസിഡണ്ട് പദവി നിശ്ചയിക്കുന്നതിൽ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. കോൺഗ്രസിനെ സംബന്ധിച്ച് കെ കെ സൗദയെ പോലെ പരിചയ സമ്പന്നയായ ഒരു മുഖം ഇപ്പോഴില്ല. എങ്കിലും സൗദയേക്കാൾ രാഷ്ട്രീയ പ്രവർത്തന പരിചയവും ബന്ധങ്ങളുമെല്ലാം ഉള്ള ഷൈജാ മുരളിയാണ് കോൺഗ്രസിന്റെ പ്രസിഡണ്ട് മുഖം. തെരഞ്ഞെടുപ്പിന് മുൻപേ തന്നെ കോൺഗ്രസ് കരുതി വെച്ചതും അത് തന്നെയാണ്. എന്നാൽ ഷൈജ മുരളിക്ക് ഭരണരംഗത്ത് മുൻ പരിചയമില്ല എന്ന ന്യൂനത മാത്രം ബാക്കി നിൽക്കുന്നു. അങ്ങനെ വന്നാൽ നടുവണ്ണൂരിലെ ഭരണം ലീഗും കോൺഗ്രസ്സും നിശ്ചിത കാലം വെച്ച് വീതിച്ചെടുക്കുകയാണെങ്കിൽ ആദ്യം കെകെ സൗദ എന്ന പരിചയ സമ്പന്നയുടെ കീഴിൽ രണ്ടര വർഷം ഭരിച്ചതിനു ശേഷം ഷൈജ മുരളി വരാനാണ് സാധ്യത.
സൗദ പ്രസിഡണ്ട് പദവിയിലേക്ക് വന്നാൽ സ്വാഭാവികമായും വൈസ് പ്രസിഡണ്ട് പദവി കോൺഗ്രസിന് ലഭിക്കും. അപ്പോൾ മുൻ മെമ്പർ കൂടിയായ കൃഷ്ണദാസ് ചീടത്തിലും എ പി ഷാജി മാസ്റ്ററും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. പരിചയ സമ്പന്നതയ്ക്കാണ് മുൻഗണനയെങ്കിൽ കൃഷ്ണദാസും സംഘടന സീനിയോറിറ്റിയാണ് പരിഗണിക്കുന്നതെങ്കിൽ ഷാജി മാസ്റ്ററും വൈസ് പ്രസിഡണ്ട് ആവും. എന്നാൽ കൃഷ്ണദാസ് ചീടത്തിൽ അവകാശവാദം ഉന്നയിക്കാൻ സാധ്യതയില്ല എന്നും ഒടുവിൽ എപി ഷാജി മാസ്റ്റർ തന്നെ വൈസ് പ്രസിഡണ്ടായി വരുമെന്നും ആണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

