headerlogo
politics

ചങ്ങരോത്ത് പഞ്ചായത്തിൽ പ്രതീകാത്മക ശുദ്ധീകരണം; ജാതി അധിക്ഷേപമെന്ന് മുൻ പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി

സംഭവത്തിൽ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരിയും ലീഗ് നേതാവ് ആനേരി നസീറും രംഗത്ത്

 ചങ്ങരോത്ത് പഞ്ചായത്തിൽ പ്രതീകാത്മക ശുദ്ധീകരണം; ജാതി അധിക്ഷേപമെന്ന് മുൻ പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി
avatar image

NDR News

16 Dec 2025 11:31 AM

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിൽ ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി. നടന്നത് ജാതി അധിക്ഷേപമാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താൻ ദളിത്‌ വിഭാഗത്തിൽ പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറഞ്ഞു.

    ഉത്തരേന്ത്യയിൽ ചെയ്യുന്നതു പോലെയുള്ള കാര്യങ്ങളാണ് ലീഗ് ചെയ്തത്. യുഡിഎഫിന് വോട്ട് ചെയ്ത ദളിത് വിഭാഗങ്ങളോട് ചെയ്ത അനീതി കൂടിയാണിത്. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കും. പൊലീസിൽ പരാതി നൽകുമെന്നും തെറ്റ് ചെയ്ത പ്രവർത്തകരെ തള്ളി പറയാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നും ഉണ്ണി  പ്രതികരിച്ചു.

     അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആനേരി നസീർ രം​ഗത്തെത്തി. ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആനേരി നസീർ പ്രതികരിച്ചു. അഴിമതി ഭരണത്തിൽ നിന്നും പഞ്ചായത്തിനെ മുക്തമാക്കി എന്നതാണ് പ്രവർത്തകർ ഉദ്ദേശിച്ചത്. ഈ വിഷയത്തിൽ ജാതി കൊണ്ടുവരുന്നത് സിപിഎം ആണ്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരിക്ക് ഏതെങ്കിലും തരത്തിൽ മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണ്. പച്ചവെള്ളം തളിച്ചതിനെ ചാണകവെള്ളം ആക്കി പ്രചാരണം നടത്തുകയാണ്. ചങ്ങരോത്ത് പഞ്ചായത്തിൽ ദളിത് യുവതിയെ കോണി അടയാളത്തിൽ നിർത്തി വിജയിപ്പിച്ച പാർട്ടിയാണ് ലീഗ്. ലീഗ് ജാതി അധിക്ഷേപം നടത്തുന്ന പാർട്ടി അല്ലെന്നും നസീർ പറഞ്ഞു.

 

 

NDR News
16 Dec 2025 11:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents