വേളത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് സിപിഎം വോട്ട് മറിച്ചെന്ന് ആരോപണം: എൽ ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ചു
ലീഗ് സ്ഥാനാർത്ഥിക്ക് സി പി എം വോട്ടുകൾ മറിച്ചു നൽകിയെന്ന് സി പി ഐ
വേളം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വേളം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് തീക്കുനിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സി പി ഐയിലെ ഷിബുരാജ് വാച്ചാക്കലിനെ പരാജയപ്പെടുത്താൽ യൂ ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ചു നൽകിയ സി പി എം നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് എൽ ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ചു. മണ്ഡലം, ജില്ല നേതൃത്വത്തിന് സി പി ഐ കത്ത് നൽകി. സി പി ഐ വേളം ലോക്കൽ കമ്മിറ്റി യോഗത്തിൻ്റെ തീരുമാനപ്രകാരമാണ് കൺവീനർ സി കെ ബാബു രാജി സമർപ്പിച്ചത്.
ലീഗ് വിമത സ്ഥാനാർത്ഥി മത്സര രംഗത്ത് വന്നതോടെ എൽ ഡി എഫിന് വിജയ പ്രതീക്ഷയുണ്ടായിരുന്ന വാർഡിൽ സി പി എം വോട്ടുകൾ മുഴുവനും മുസ്ലീം ലീഗ് സ്ഥാനാർത്ഥിക്കാണ് മറിച്ചു നൽകിയെന്നാണ് ആരോപണം. ഇതിൻ്റെ പിന്നിൽ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ഇവർ ആരോപിച്ചു മുന്നണി ധാരണപ്രകാരമാണ് സി പി ഐ ലോക്കൽ കമ്മിറ്റി അംഗവും നാരായണിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ ഷിബുരാജ് വാച്ചാക്കൽ വാർഡിൽ മത്സരിക്കുന്നത്. കേവലം 38 വോട്ടുകൾ മാത്രമാണ് എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. അതേസമയം സി പി എമ്മിൻ്റെ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിക്ക് 277 വോട്ടും ജില്ല ഡിവിഷൻ സ്ഥാനാർത്ഥിക്ക് 255 വോട്ടും തീക്കുനി വാർഡിൽ ലഭിച്ചിട്ടുണ്ട്. 190 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് മുസ്ലീം ലീഗിലെ കെ സി മുജീബ് റഹ്മാൻ ഇവിടെ വിജയിച്ചത്. ലീഗ് വിമത സ്ഥാനാർത്ഥിക്ക് 376 വോട്ടുകളും ലഭിച്ചു. വിമത സ്ഥാനാർത്ഥി പിടിച്ച യു ഡി എഫ് വോട്ടുകളുടെ അടിസ്ഥാനത്തിൽ പരാജയപ്പെടുമായിരുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ സി പി എം വോട്ടുകൾ മറിച്ചു നൽകി വിജയിപ്പിക്കുകയായിരുന്നു വെന്നാണ് ആരോപണം. ഇത് ഇടതുപക്ഷം ഉയർത്തി പിടിക്കുന്ന തത്വാധിഷ്ഠിത രാഷ്ട്രീയത്തിനോ, മൂല്യങ്ങൾക്കോ, മുന്നണി മര്യാദകൾക്കോ യോജിക്കാൻ കഴിയാത്ത രാഷ്ട്രീയ വഞ്ചനയും ചതിയുമാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൽ നേതൃത്വം നൽകിയ ഏതാനും ചില സി പി എം നേതാക്കളാണ് എൽ ഡി എഫ് വോട്ട് മറിച്ചതിന് പിന്നിൽ രഹസ്യ പ്രവർത്തനം നടത്തിയത്.സി പി എം നേതൃത്വം ഇക്കാര്യം ഗൗരവപൂർവ്വം പരിശോധിക്കുകയും ഈ അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്ക ണമെന്നും സി പി ഐ വേളം ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി കെ സുനിൽകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല കൗൺസിൽ മെമ്പർ കെ പി പവിത്രൻ, മണ്ഡലം സെക്രട്ടറി അഡ്വ. കെ പി ബിനൂപ്,ലോക്കൽ സെക്രട്ടറി സി രാജീവൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി സുരേഷ്, സി കെ ബാബു, കെ സത്യൻ എന്നിവർ സംസാരിച്ചു.

