പേരാമ്പ്രയിൽ ലതികാ വിനോദ് പ്രസിഡന്റായേക്കും
വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ടുപേർ പരിഗണനയിൽ
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ ഭരണം ഉറപ്പിച്ച യു.ഡി.എഫിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളെ ചൊല്ലിയുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. പ്രസിഡന്റ് സ്ഥാനത്തേക്ക് ലതികാ വിനോദിനാണ് നിലവിൽ സാധ്യത. 16-ാം വാർഡിൽ നിന്നും ലതികാ വിനോദ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് അഡ്വക്കേറ്റ് അപർണയുടെ പേരും ഉയർന്നിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എടവരാട് വാർഡിൽ നിന്നും വിജയിച്ച എടത്തുംകര ഇബ്രായിയെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഭരണസമിതി ശക്തമാക്കാൻ ഇബ്രായിയുടെ സാന്നിദ്ധ്യം സഹായകമാകും എന്നാണ് ഇവരുടെ വിലയിരുത്തൽ. അതേസമയം, കക്കാട് വാർഡിൽ നിന്നും വൻപൂരിപക്ഷത്തിൽ വിജയിച്ച യൂസഫ് ഈ സ്ഥാനത്തേക്ക് വരണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു.
പഞ്ചായത്തിലെ 21 വാർഡുകളിൽ 12 സീറ്റുകൾ നേടിയാണ് യു.ഡി.എഫ്. ഭരണം പിടിച്ചത്. എൽ.ഡി.എഫിന് 8 സീറ്റുകളും ബി.ജെ.പിക്ക് ഒരു സീറ്റുമാണുള്ളത്. ശക്തമായ പ്രതിപക്ഷത്തെ നേരിട്ട് ഭരണസമിതിയെ മുന്നോട്ട് കൊണ്ടു പോവുക എന്ന വെല്ലുവിളിയാണ് പുതിയ നേതൃത്വത്തിന് മുന്നിലുള്ളത്.

