പോറ്റിയെ പാട്ട്നെതിരെ കേസെടുത്തത് 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ : രാജ്മോഹൻ ഉണ്ണിത്താൻ
പാരഡി ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് തലവേദനയായി മാറി
ദില്ലി: `പോറ്റിയേ കേറ്റിയേ' പാരഡി ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ഗാനത്തിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പാരഡി ഗാനം വിവാദമായി മാറിയിരിക്കുകയാണ്. പാരഡി ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് തലവേദനയായി മാറി. കേരളത്തിലെ മുഴുവൻ എംപിമാരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരെയും കേസെടുത്ത് അറസ്റ്റ് ചെയ്യും എന്നാണ്. അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിൽ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികൾ ഉടനുണ്ടാകില്ല എന്നാണ് വിവരങ്ങൾ. പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. കൂടാതെ പ്രചാരണം നൽകുന്ന സൈറ്റുകളിൽ നിന്നും പാട്ട് നീക്കം ചെയ്യും. ശരണമന്ത്രത്തെ അപമാനിക്കും വിധം മത വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ കേസെടുത്തത്.

