പേരാമ്പ്ര നടുവണ്ണൂർ പഞ്ചായത്തുകളിലും പയ്യോളി മുനിസിപ്പാലിറ്റിയിലും വാർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഈ മാസം 27-ാം തീയതി നടക്കും
പേരാമ്പ്ര: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുന്നു. നടുവണ്ണൂർ പയ്യോളി മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളിൽ പഞ്ചായത്ത് ഓഫീസിന് പുറത്ത് തയ്യാറാക്കിയ മൈതാനികളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പേരാമ്പ്ര ജി.യു.പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സത്യപ്രതിജ്ഞ നടന്നു. വരണാധികാരിക്ക് മുൻപാകെ മുതിർന്ന അംഗം കെ.വി. വത്സൻ നായർ ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.തുടര്‍ന്ന് മറ്റു 20 അംഗങ്ങൾക്കും കെവി വത്സൻ നായർ സത്യവാചകം ചൊല്ലിക്കൊടുത്തു. പയ്യോളി നഗരസഭ ഓഫീസിന് സമീപം പേരാമ്പ്ര റോഡിന് ഓരത്തായിരുന്നു സത്യ പ്രതിജ്ഞ.ഭരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം ഇൻസ്പെക്ടർ അംഗങ്ങളിലെ മുതിർന്ന അംഗമായ പി ബാലകൃഷ്ണന് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റ് 36 പേർക്ക് മുതിർന്ന അംഗം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഭരണാധികാരി മുതിർന്ന അംഗമായ സി കെ ബാലകൃഷ്ണൻ മാസ്റ്റർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് ബാലകൃഷ്ണൻ മാസ്റ്റർ ഒന്നാം വാർഡ് മെമ്പറായ നാട്ടിപറോൽ ഹമീദിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് ക്രമത്തിൽ 18ആം വാർഡ് വരെയുള്ള മെമ്പർമാർ സത്യ വാചകം ചൊല്ലി.സിപിഎം അംഗങ്ങൾ ദൃഢപ്രതിജ്ഞ ചൊല്ലിയപ്പോൾ യുഡിഎഫിലെ എല്ലാ അംഗങ്ങളും ഈശ്വര നാമത്തിലാണ് എടുത്തത്.ചിലർ ഈശ്വരനാമത്തിൽ ദൃഢപ്രതിജ്ഞ എടുക്കുന്നതും കേൾക്കാമായിരുന്നു. നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം യു.ഡി.എഫ് പ്രവർത്തകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും വിജയാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്ന ഔദ്യോഗിക നടപടികൾ ഈ മാസം 27-ാം തീയതി നടക്കും.

