പി.പി.രമണി അരിക്കുളം പഞ്ചായത്ത് പ്രസിഡൻ്റാകും; എ.സി.ബാലകൃഷ്‌ണൻ വൈസ് പ്രസിഡന്റ്
അരിക്കുളത്ത് ഇത്തവണ എട്ട് സീറ്റുകളിൽ എൽ.ഡി.എഫും ഏഴ് സീറ്റുകളിൽ യു.ഡി.എഫുമാണ് വിജയിച്ചത്
അരിക്കുളം: പി.പി.രമണി അരിക്കുളം പഞ്ചായത്ത് പ്രസിഡൻ്റാകും. ഏക്കാട്ടൂരിൽ നിന്നുള്ള പഞ്ചായത്തംഗമാണ്. സി.പി.എം കാരയാട് ലോക്കൽ കമ്മിറ്റിയംഗമാണ്. നേരത്തെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചതിൻ്റെ അനുഭവ സമ്പത്തുണ്ട് രമണിക്ക്. 2015-2020 കാലഘട്ടത്തിൽ കാരയാടിൽ നിന്നുള്ള പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു.എ.സി.ബാലകൃഷ്‌ണനാണ് വൈസ് പ്രസിഡന്റ്. ഒന്നാം വാർഡായ തിരുവങ്ങായൂരിൽ നിന്നുള്ള പഞ്ചായത്തംഗമാണ് എ.സി. ബാലകൃഷ്ണൻ. സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗമാണ്. പൊതുപ്രവർത്തന രംഗത്ത് സജീവമായ അദ്ദേഹം ആദ്യമായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നത്.
വീഴ്ചയെ തുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ എ.സി.ബാലകൃഷ്‌ണന് പ്രചരണത്തിനായി പൊതു മധ്യത്തിലേക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതു പക്ഷത്തിൻ്റെ ഉറച്ച കോട്ടയായ അരിക്കുളം പഞ്ചായത്തിൽ ഇത്തവണ ശക്തമായ മത്സരമാണ് എൽ.ഡി.എഫ് നേരിട്ടത്. എട്ട് സീറ്റുകളിൽ എൽ.ഡി.എഫും ഏഴ് സീറ്റുകളിൽ യു.ഡി.എഫുമാണ് വിജയിച്ചത്.

