നടുവണ്ണൂർ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വീണ്ടും ട്വിസ്റ്റ്; ആദ്യ ടേമിൽ ഷൈജ മുരളി പ്രസിഡൻ്റാകും
മുസ്ലിംലീഗിലെ സുജ പി. യോ സൗദ കെ. കെ. യോ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് എത്തും
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് യുഡിഎഫിലെ കോൺഗ്രസ് മുസ്ലിം ലീഗ് കക്ഷികൾക്കിടയിൽ തമ്മിലുള്ള, സ്ഥാന വിഭജന തർക്കം യുഡിഎഫ് ജില്ലാ കമ്മിറ്റിയിലേക്ക്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ മൊത്തം സീറ്റിൽ ഒരു സീറ്റ് കൂടുതലുള്ള മുസ്ലീംലീഗിന്റെ സൗദ കെ.കെ.പ്രസിഡൻറ് ആകും എന്നായിരുന്നു പ്രചരിച്ചത്. എന്നാൽ കോൺഗ്രസിന് ആദ്യത്തെ രണ്ടര വർഷക്കാലം അധ്യക്ഷ സ്ഥാനം വേണമെന്ന് നിർബന്ധം പിടിച്ചതിനാൽ അവരുടെ പ്രസിഡണ്ട് സ്ഥാനാർഥി ഷൈജ മുരളിക്ക് സാധ്യതയേറിയിരിക്കുകയാണ്. മുസ്ലിംലീഗിലെ ഒരു വിഭാഗം ഇതിനോട് യോജിച്ചെങ്കിലും അവരുടെ തന്നെ മറ്റൊരു വിഭാഗം ലീഗിന് തന്നെ ആദ്യ ടേമിൽ പ്രസിഡണ്ട് സ്ഥാനം വേണമെന്ന് വാശിപിടിച്ചതോടെയാണ് കൃത്യമായ ഒരു തീരുമാനത്തിലേക്ക് എത്താനാവാതെ ചർച്ച വഴിമുട്ടിയത്. തുടർന്നാണ് തീരുമാനം യുഡിഎഫ് ജില്ലാ കമ്മിറ്റിക്ക് വിടാൻ ഇരുകക്ഷികളും തീരുമാനിച്ചത്.
ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരമനുസരിച്ച് ആദ്യ കോൺഗ്രസ് പ്രതിനിധി തന്നെ പ്രസിഡൻറ് ആകും. ഷൈജ മുരളിയെ കോൺഗ്രസിന്റെ പാർലമെൻററി നേതാവായി ഇതിനകം തെരഞ്ഞെടുത്തിട്ടുണ്ട്. പതിനൊന്നാം വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി 446 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഷൈജ മുരളി യാവും കോൺഗ്രസിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി. പതിനേഴാം വാർഡിൽ നിന്നും 94 വോട്ടിന് വിജയിച്ച മുസ്ലിംലീഗിലെ സുജ പി യോ പതിനൊന്നാം വാർഡിൽ നിന്ന് 306 വോട്ടിന് വിജയിച്ച സൗദ കെ.കെ യോ വൈസ് പ്രസിഡണ്ടാകും. രണ്ടാം ടേമിൽ മുസ്ലിം ലീഗിന് പ്രസിഡണ്ട് പദം കിട്ടിയാൽ ഇവരിൽ ഒരാൾക്കാണ് സാധ്യത. അതേസമയം പുതുതായി മെമ്പർമാരായ യുവ മെമ്പറെയും ലീഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കാം. രണ്ടാം ടേമിൽ കോൺഗ്രസിലെ എപി ഷാജി മാസ്റ്റർ വൈസ് പ്രസിഡണ്ട് ആവുകയും ചെയ്യും. 2005 ൽ തുല്യ സീറ്റുകൾ വന്നപ്പോൾ നറുക്കെടുപ്പിലൂടെ മുസ്ലിംലീഗിലെ സലീന കുന്നുമ്മൽ പ്രസിഡണ്ട് ആയശേഷം യുഡിഎഫിന് ഇതാദ്യമായാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ നടുവണ്ണൂർ പഞ്ചായത്തിന്റെ ഭരണം ലഭിക്കുന്നത്.

