ട്വന്റി 20 എൻഡിഎ പ്രവേശനം സാബുവിന് ബിസിനസ് അതിജീവിക്കാൻ; പി വി ശ്രീനിജന്‍
തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയാണ് ട്വന്റി 20 നേരിട്ടത്
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ ട്വന്റി 20 പ്രകടനം എങ്ങനെയെന്ന് നോക്കുന്നതിനാണ് സാബു എം ജേക്കബ് ബിജെപി പ്രവേശനം വൈകിപ്പിച്ചതെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. അടപടലം ട്വന്റി 20 താഴേക്ക് പോയതിനാലും അമേരിക്ക അടക്കമുള്ളയിടങ്ങളില്‍ ബിസിനസ്സില്‍ നേരിട്ട തിരിച്ചടിയുടെ ഭാഗമായിട്ടും ഇന്ത്യയില്‍ ബിസിനസ്സില്‍ സാബു ജേക്കബിന് നില നില്‍ക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയം സഹായം ആവശ്യമുണ്ടെ ന്നതിനാലുമാണ് നിലവിലെ കൂടുമാറ്റം എന്ന് പി വി ശ്രീനിജന്‍ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് ട്വന്റി 20 നേരിട്ടത്.
രാഷ്ട്രീയമായി നില നില്‍ക്കുന്നതിലും ബിസിനസ്സില്‍ അതി ജീവിക്കുന്നതിനുമാണ് ബിജെപി പ്രവേശനം. സ്വാര്‍ത്ഥലാഭമാണ് ലക്ഷ്യം. ട്വന്റി 20 ബിജെപിയുടെ ബി ടീം ആണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മാറ്റി നിര്‍ത്താന്‍ ട്വന്റി 20 പിന്തുണയോടെയാണ് പലയിടത്തും കോണ്‍ഗ്രസ് ജയിച്ചത്. ഇനി കോണ്‍ഗ്രസിന്റെ നയമാണ് അറിയേണ്ടത്. പുത്തന്‍കുരിശ് പഞ്ചായത്തില്‍ അടക്കം ട്വന്‍റി 20യുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ രാജി വെക്കാനുള്ള ധാര്‍മ്മികത കാണിക്കുമോ എന്ന ചോദ്യം ഇവിടെ നില്‍ക്കുകയാണെന്നും പി വി ശ്രീനിജന്‍ പറഞ്ഞു. ട്വന്റി 20യുടെ രണ്ട് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പുത്തുന്‍കുരിശ്ശ് പഞ്ചായത്തില്‍ പത്തുവര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചത്.

