സീറ്റുകൾ മുസ്‌ലിം ലീഗുമായി വെച്ചുമാറാൻ കോണ്‍ഗ്രസിൽ ധാരണ
കളമശ്ശേരിയിൽ മുഹമ്മദ് ഷിയാസിന് സാധ്യത
ന്യൂഡല്‍ഹി: ഗുരുവായൂര്‍, പട്ടാമ്പി സീറ്റുകള്‍ മുസ്‌ലിം ലീഗുമായി വെച്ചുമാറാന്‍ കോണ്‍ഗ്രസില്‍ ധാരണ. കളമശ്ശേരി, കൊച്ചി സീറ്റുകളില്‍ വെച്ചുമാറും. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡുമായി നടത്തിയ നിര്‍ണ്ണായക ചര്‍ച്ചയിലാണ് തീരുമാനം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കളമശ്ശേരിയില്‍ മത്സരിച്ചേക്കും. കെ ബാബു ഒഴികെ സിറ്റിംഗ് എംഎല്‍എമാരെയെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. തൃപ്പൂണിത്തുറ, പാലക്കാട് സീറ്റുകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. പ്രമുഖരും ചില മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നവരുമായവരുടെ കാര്യത്തില്‍ പൊതു ധാരണയുണ്ടാകാന്‍ സാധ്യതയുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിലുണ്ട്. അതേസമയം ശശി തരൂര്‍ യോഗത്തിനെത്തിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ന്ന ആദ്യ യോഗമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

