കുസാറ്റ് കെഎസ്‌യുവില്‍ നിന്ന് തിരിച്ചുപിടിച്ച് എസ്എഫ്‌ഐ
പതിനഞ്ചില്‍ പതിമൂന്ന് സീറ്റുകള്‍ നേടി എസ്എഫ്‌ഐയുടെ ശക്തമായ തിരിച്ചുവരവ്
കൊച്ചി: കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ത്ഥി യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ. കഴിഞ്ഞ വര്‍ഷം നഷ്ടമായ വിദ്യാര്‍ത്ഥി യൂണിയന്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് കെഎസ്‌യുവില്‍ നിന്ന് തിരികെ പിടിച്ചെടുത്തത്. പതിനഞ്ചില്‍ പതിമൂന്ന് സീറ്റുകള്‍ നേടിക്കൊണ്ടാണ് എസ്എഫ്‌ഐയുടെ ശക്തമായ തിരിച്ചുവരവ്. ഋതുപര്‍ണയാണ് ചെയര്‍പേഴ്‌സണ്‍. ആദിത്യന്‍ സി എസ് ജനറല്‍ സെക്രട്ടറി.
നിഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാര്‍ത്ഥിത്വം എന്ന മുദ്രാവാക്യ മുയര്‍ത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ക്യാമ്പസുകളിലേക്ക് കടന്നുകയറുന്ന വര്‍ഗീയതയെയും ഗവര്‍ണറെ ഉപയോഗിച്ച് സംഘപരിവാര്‍ നടത്തുന്ന സര്‍വ്വകലാശാല കാവി വത്കരണത്തെയും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളെയും എതിര്‍ത്തുകൊണ്ട് എസ്എഫ്‌ഐ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ സമര പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് എസ്എഫ്‌ഐ പ്രസ്താവനയില്‍ പറയുന്നു.

