അവഗണന തുടരും! കേരളത്തിന് അതിവേഗ റെയിലും എയിംസും ഇല്ല
1 മണിക്കൂർ 26 മിനിറ്റായിരുന്നു ഇത്തവണ നിർമ്മല സീതാരാമൻ്റെ ബജറ്റ് അവതരണ പ്രസംഗം
ന്യൂഡൽഹി: തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് രാവിലെ പതിനൊന്ന് മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഒരു മണിക്കൂർ 26 മിനിറ്റായിരുന്നു ഇത്തവണ നിർമ്മല സീതാരാമൻ്റെ ബജറ്റ് അവതരണ പ്രസംഗം നീണ്ടു നിന്നത്. കേരളത്തെ അവഗണിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്. ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിലും എയിംസും പ്രഖ്യാപിച്ചില്ല.
അപൂർവ്വ ധാതുക്കൾക്കായി പ്രഖ്യാപിച്ച ഇടനാഴിയിലും കടലാമ പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതിയിലും ഉൾപ്പെട്ടു എന്നത് മാത്രമാണ് കേരളത്തിന് ആശ്വസിക്കാൻ ഉള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി നിർമ്മല സീതാരാമൻ ദ്രൗപതി മുർമുവിനോട് ബജറ്റ് അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നു. പിന്നാലെ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് കേന്ദ്ര ബജറ്റിന് അംഗീകാരം നൽകിയിരുന്നു. നേരത്തെ 2026 ലെ സാമ്പത്തിക സർവേ സർക്കാർ പുറത്തിറക്കിയിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ (FY26) ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനവും FY27 ൽ 6.8-7.2 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് പ്രവചിക്കുന്നത്. നിയന്ത്രണ പരിഷ്കാരങ്ങൾ, ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറ, സ്വകാര്യ മേഖലയിലെ നിക്ഷേപത്തിനായുള്ള എന്നിവയാണ് ഈ നേട്ടത്തിൻ്റെ കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നത്.

