12 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്‌തംഭിക്കും
എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12 ന് പണി നിർത്തിവയ്ക്കും
തിരുവനന്തപുരം: ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്‌തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.വ്യവസായ കാർഷിക - വാണിജ്യ - വ്യാപാര മേഖലകൾ പൂർണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുമെന്നും എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12 ന് പണി നിർത്തിവയ്ക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഷോപ്പിങ് മാളുകൾ, സ്പെഷൽ ഇക്കണോമിക് സോൺ അടക്കമുള്ളവ സ്‌തംഭിക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികൾ പണിമുടക്കും. പണിമുടക്കിൽ നിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി.

