headerlogo
politics

എലത്തൂരിൽ എകെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുക്കം മുഹമ്മദ്

എലത്തൂരെ സമൂഹം ശശീന്ദ്രൻ മത്സരിക്കരുതെന്ന പൊതുവികാരത്തിൽ

 എലത്തൂരിൽ എകെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുക്കം മുഹമ്മദ്
avatar image

NDR News

17 Mar 2026 09:18 AM

കോഴിക്കോട്: എൻസിപി ജില്ലാ കമ്മിറ്റിയുടെ അഭ്യർത്ഥന അവഗണിച്ച് എ കെ ശശീന്ദ്രനെ വീണ്ടും എലത്തൂരിൽ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എൻസിപി നേതാവ് മുക്കം മുഹമ്മദ്. എകെ ശശീന്ദ്രന്റെ കൂടെ തന്റെ പേരും സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ കൊടുത്തിരുന്നു. പി.സി. ചാക്കോ ഉൾപ്പെടെ അതിൽ നല്ല അഭിപ്രായം പറഞ്ഞിരുന്നു. തന്റെ പേരാണ് എലത്തൂരിന് അയോഗ്യത എന്ന് പറയുന്നത് ശരിയല്ലെന്ന് എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രവർത്തനം ഒരു സെക്യുലർ പാർട്ടിക്ക് യോജിച്ചതായിരുന്നില്ലെന്നും മുഹമ്മദ് പറഞ്ഞു.

    പൊതുസമൂഹം ശശീന്ദ്രൻ മത്സരിക്കരുത് എന്ന പൊതു വികാരത്തിലാണുള്ളത്. അത് മനസ്സിലാക്കിയാണ് ജില്ലാ കമ്മിറ്റി ഏകകണ്ഠേന യോഗം ചേർന്ന് അദ്ദേഹം ഇത്തവണ മത്സരിക്കരുത് എന്ന പ്രമേയം പാസാക്കിയതെന്നും മുഹമ്മദ് പറഞ്ഞു. തങ്ങളെല്ലാവരും പ്രതീക്ഷിച്ചത് ജില്ലാ കമ്മിറ്റിയുടെ വികാരം മാനിച്ച് തീരുമാനം വരുമെന്നാണ്. എന്നാൽ മറിച്ച് ഒരു തീരുമാനം വന്നത് വേദനാ ജനകമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തോട് ഇത്ര ആർത്തി ഉണ്ടാവാൻ പാടില്ല. അത് ഒരു മതേതര ചിന്തയുള്ള സമൂഹത്തിന് യോജിച്ചതല്ല. അധികാരത്തിലേക്കെത്താൻ ഇത്രയും വൃത്തികെട്ട വഴികൾ സ്വീകരിക്കാൻ പാടില്ല. ഇത്രയും വർഷമായി, ഇത്രയും പ്രായമായി, ഇനി മാറാൻ സമയമായി എന്നേ ഞങ്ങൾ പറഞ്ഞുള്ളൂ. മാറിത്തരുമെന്ന് പറഞ്ഞതാണ്. അതിൻറെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിൻറെ എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ പിന്തുണ നൽകിയത്. എന്നാൽ വാക്ക് പാലിച്ചില്ലെന്നും മുക്കം മുഹമ്മദ് വ്യക്തമാക്കി. താൻ സ്ഥാനാർഥിയാവാൻ കൊള്ളില്ല, കഴിവില്ലാത്തവനാണ് എന്നൊക്കെ പറയാം. എന്നാൽ തൻറെ പേര് നിയോജക മണ്ഡലത്തിന് യോജിച്ചതല്ല എന്ന തരത്തിലുള്ള പ്രചാരണമാണ് അദ്ദേഹം നടത്തിയത്. മതപരമായ ഒരു ചിന്തയുമില്ലാത്ത മണ്ഡലമാണ് എലത്തൂർ. അങ്ങനെയുള്ള ഒരു മണ്ഡലത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടുവരാൻ ചിലർ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

NDR News
17 Mar 2026 09:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents