ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് നടുവണ്ണൂരിൻ്റെ രണ്ടു വനിതകൾ
നാദാപുരത്തിന്റെയും വടകരയുടെയും മരുമക്കളായ ഇരുവരും ജനിച്ചത് തന്നെ നടുവണ്ണൂരിലെ ചെമപ്പ് രാഷ്ട്രീയത്തിൽ
നടുവണ്ണൂർ: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നടുവണ്ണൂർ പഞ്ചായത്തിൽ നിന്ന് നേരിട്ടാരും മത്സരിക്കുന്നില്ല; പക്ഷേ രണ്ട് നടുവണ്ണൂർക്കാരികൾ തൊട്ടടുത്ത മണ്ഡലങ്ങളിൽ നിന്ന് ഇത്തവണ കനത്ത പോരാട്ടത്തിലാണ്. വടകര നിയമസഭ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന്റെ ആർഎംപി സ്ഥാനാർത്ഥിയായി നിലവിലുള്ള എംഎൽഎ കെ കെ രമയും തൊട്ടടുത്ത മണ്ഡലമായ നാദാപുരത്തു നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിപിഐയുടെ അഡ്വ.പി വസന്തവും ആണ് ജന്മം കൊണ്ട് നടുവണ്ണൂർ ക്കാരികളായ പ്രമുഖ സ്ഥാനാർത്ഥികൾ. വിവാഹശേഷം നാദാപുരത്തിന്റെയും വടകരയുടെയും മരുമക്കളായ ഇരുവരും ജനിച്ചത് തന്നെ നടുവണ്ണൂരിലെ ചെമപ്പ് രാഷ്ട്രീയത്തിന്റെ ഉജ്ജല പാരമ്പര്യമുള്ള കുടുംബങ്ങളിലാണ്. നടുവണ്ണൂർ കരുവണ്ണൂരിലെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് പുതുശ്ശേരി വിശ്വനാഥൻ നായരുടെ സഹോദരിയാണ് അഡ്വക്കറ്റ് പി വസന്തം. നാദാപുരത്ത് വളരെക്കാലം എംഎൽഎയായിരുന്ന സിപിഐ നേതാവ് സത്യൻ മൊകേരിയുടെ പ്രിയതമ. കേരള രാഷ്ട്രീയത്തിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒഞ്ചിയം വിഭാഗീയതയിൽ സിപിഎം രാഷ്ട്രീയത്തോട് പോരാടി ഒടുവിൽ സ്വന്തം സഹപ്രവർത്തകരുടെ കൈകളാൽ രക്തസാക്ഷിത്വം വഹിച്ച സാക്ഷാൽ ടിപി ചന്ദ്രശേഖരന്റെ ഭാര്യയാണ് കെ കെ രമ. രാഷ്ട്രീയത്തിന്റെ തെളിമയുള്ള കുടുംബ പാരമ്പര്യം വഹിക്കുന്ന ഇരുവരും വിവാഹശേഷം രാഷ്ട്രീയക്കാരായതല്ല എന്നതാണ് സമാനതകൾ.
ആർ.എം.പി. പ്രവർത്തകയും പതിനഞ്ചാം കേരളനിയമസഭയിലെ പ്രതിനിധിയുമാണ് മുൻ എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാവായ കെ.കെ. രമ. സിപിഎം ബാലുശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.കെ. മാധവന്റെ ഇളയ മകളാണ് മകൾ. കെ.കെ. രമ വിവാഹത്തോടെ മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് മാറിയെങ്കിലും ഭർത്താവ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനു ശേഷം ആർ എം പി രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. ഇത്തവണ യുഡിഎഫ് അധികാരമേറിയാൽ രമ വിജയിക്കുന്ന പക്ഷം രമയ്ക്കും അതുവഴി വടകര ഒരു മന്ത്രിസ്ഥാനം ഉറപ്പ്.
അടിയുറച്ച കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്ന് പൊതുരംഗത്തെത്തിയ വസന്തം, വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. തൃശൂർ കേരള വർമ്മ കോളേജ് വൈസ് ചെയർപേഴ്സൺ, എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. തൊഴിലിന് വേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ യാണ് വസന്തം കേരള രാഷ്ട്രീയത്തിൽ ഇടംപിടിച്ചത്. 1988-ൽ തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യമുയർത്തി കാസർക്കോട് മുതൽ തിരുവനന്തപുരം വരെ നടന്ന ചരിത്ര പ്രസിദ്ധമായ വനിതാ മാർച്ചിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു അവർ. ഇരുവരും വിജയിക്കുന്ന പക്ഷം രണ്ട് നടുവണ്ണൂർ വനിതകൾ കൂടിയാവും ഇത്തവണ നിയമസഭയിലേക്ക് എത്തുക. എൽഡിഎഫിന്റെ തരംഗത്തിലും കഴിഞ്ഞതവണ വടകരയിൽ നിന്ന് ആധികാരിക വിജയം നേടിയ കെ കെ രമക്ക് ജനത ദളിൻ്റെ തഴക്കവും പഴക്കവും ഉള്ള എം കെ ഭാസ്കരനാണ് ഇത്തവണ എതിരാളി. എന്നാൽ നാദാപുരത്ത് പിവസന്തത്തിന്റെ ചിരപരിചയത്തിനു മുമ്പിൽ യുവത്വത്തിൻറെ ഊർജ്ജസ്വലതയുമായി യൂത്ത് കോണ്‍ഗ്രസിന്റെ കെഎം അഭിജിത്ത് ആണ് എതിർ സ്ഥാനാർത്ഥി. ചുരുക്കത്തിൽ ഇരു നടുവണ്ണൂർക്കാരികൾക്കും ഇത്തവണ കനത്ത പോരാട്ടത്തിലൂടെ ജയിച്ചു കയറണം എന്നർത്ഥം.

