രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട് എത്തില്ല; പകരം ഖാർഗെ വരും
കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
കോഴിക്കോട്: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമായി തുടരുന്നതിനാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിൽ പങ്കെടുക്കില്ല. രാഹുലിന് പകരം യുഡിഎഫിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ഐസിസി പ്രസിഡണ്ട് മല്ലികാർജുൻ കാർ ഗെ കോഴിക്കോട്ടെത്തും. പരിപാടിയോടനുബന്ധിച്ച് ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വടകര, കൊയിലാണ്ടി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങള്‍ വെങ്ങളം വഴി വെങ്ങാലി ബ്രിഡ്ജ് തിരിഞ്ഞ് നോര്‍ത്ത് ബീച്ച് പാര്‍ക്കിങ് ഗ്രൗണ്ട്, വെള്ളയില്‍ ബീച്ച് പാര്‍ക്കിങ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. പേരാമ്പ്ര നടുവണ്ണൂര്‍, ഉള്ള്യേരി ഭാഗത്തുനിന്നുള്ളവ അത്തോളിയില്‍ നിന്നും തിരുവങ്ങൂര്‍, വെങ്ങളം വഴി നോര്‍ത്ത് ബീച്ച്, വെള്ളയില്‍ ബീച്ച് പാര്‍ക്കിങ്ങുകളില്‍ നിര്‍ത്തേണ്ടതാണ്.
ബാലുശ്ശേരി കക്കോടി ഭാഗത്തു നിന്നുള്ളവ വേങ്ങേരി, പൂളാടിക്കുന്ന് വെങ്ങളം വഴിയും മലപ്പറമ്പ് നിന്നുള്ളവ എരഞ്ഞിപ്പാലം, ക്രിസ്ത്യന്‍ കോളേജ് വഴിയും മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നുള്ളവ തൊണ്ടയാട് അരയിടത്തുപാലം, ക്രിസ്ത്യന്‍ കോളേജ് വഴിയും നോര്‍ത്ത് ബീച്ച് വെള്ളയില്‍ ബീച്ച് പാര്‍ക്കിങ്ങുകളില്‍ നിര്‍ത്തേണ്ടതാണ്. ഒരാള്‍ മാത്രമായി യാത്ര ചെയ്യുന്ന നാലുചക്ര വാഹനങ്ങള്‍ പരമാവധി നഗരത്തിന് പുറത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇത്തരം വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നു വെങ്കില്‍ പൊലീസിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കും. നഗരത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഗതാഗതം തടസപ്പെടുത്തിയാല്‍ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും കര്‍ശന നടപടി സ്വീകരിക്കുന്നതുമായിരിക്കുമെന്ന് കോഴിക്കോട് സിറ്റി സൗത്ത് അസി. കമ്മീഷണര്‍ അറിയിച്ചു.

