ബി ജെ പി യെ വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്
ഇന്ദിരാ ഗാന്ധി ജീവിച്ചിരു ന്നെങ്കിൽ ബി ജെ പി യെ നിരോധിക്കുമായിരുന്നു. അശോക് ഗെലോട്ട്
ജയ്പുർ : ഇന്ദിരാഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയും ആയ അശോക് ഗെലോട്ട്. തന്റെ 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ രാജ്യം ഇത്രയും അപകടകരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്നത് കണ്ടിട്ടില്ലെന്ന് പൂർണ്ണ ഉത്തരവാദിത്തത്തോടെ പറയുകയാണെന്നും ഗെലോട്ട് വ്യക്തമാക്കി. ജയ്‌പൂരിൽ മൗലാന അബുൽ കലാം ആസാദ് വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് ഗെലോട്ടിന്റെ വിവാദ പരാമർശം.
ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിൽ ഒരൊറ്റ സീറ്റിൽ പോലും ഒരു മുസ്‌ലിം സ്ഥാനാർത്ഥിയെ നിർത്താൻ ബിജെപി തയ്യാറായില്ലെന്ന് അശോക് ഗെലോട്ട് കുറ്റപ്പെടുത്തി. മതത്തിന്റെ പേരിൽ വോട്ട് പിടിക്കുന്നതും രാഷ്ട്രീയ നേട്ടങ്ങൾക്കായി ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമാണ് ബിജെപിയുടെ രീതിയെന്ന് ഗെലോട്ട് ആരോപിച്ചു. രാജ്യത്തെ ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യാവകാശമാണ് നൽകുന്നത്. എന്നാൽ കേവലം ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചും വശത്താക്കിയും ഭരണം നിലനിർത്താനാണ് ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പിൽ മതം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇന്ദിരാഗാന്ധിയെപ്പോലെയുള്ള ഒരു കരുത്തുറ്റ നേതാവ് ഇന്ന് രാജ്യം ഭരിക്കുന്നുണ്ടെങ്കിൽ, മതത്തിന്റെ പേരിൽ മാത്രം രാഷ്ട്രീയം കളിക്കുന്ന ബിജെപിയെ അവർ നിരോധിക്കുമായിരുന്നു. ഖാലിസ്ഥാൻ രൂപീകരിക്കാൻ അനുവദിക്കാതെ ഇന്ദിരാഗാന്ധി സ്വന്തം ജീവൻ ബലിനൽകി. രാജീവ് ഗാന്ധിയും രാജ്യത്തിന്റെ ഐക്യത്തിനായി രക്തസാക്ഷിയായി. എന്നാൽ ഇന്നത്തെ ഭരണാധികാരികൾ രാജ്യത്തെ ദുർബലപ്പെടുത്തുകയാണ് എന്നും അശോക് ഗെലോട്ട് പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഇലക്ഷൻ കമ്മീഷൻ ബിജെപിയുടെ ഏജന്റായി മാറിയിരിക്കുന്നു. ജുഡീഷ്യറിയും സിബിഐ, ഇഡി, ഇൻകം ടാക്സ് തുടങ്ങിയ കേന്ദ്ര ഏജൻസികളും കടുത്ത സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ ഇവരെ ദുരുപയോഗം ചെയ്യുകയാണ്.
ഇന്ത്യൻ രാഷ്ട്രീയം ഇനി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി മാറണമെന്നും, ഇൻഡി സഖ്യം ഒന്നിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു.

