headerlogo
politics

പാക് അധീന കാശ്മീരിൽ സംഘർഷം വർദ്ധിക്കുന്നു.

പാക് അധീന കാശ്മീരിൽ സർക്കാറിനെതിരായ പ്രക്ഷോഭം നടത്തുന്നവർ തങ്ങൾ പാക്കിസ്ഥാന്റെ ഭാഗമല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു.

 പാക് അധീന കാശ്മീരിൽ സംഘർഷം വർദ്ധിക്കുന്നു.
avatar image

NDR news

05 Jul 2026 10:11 PM

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ (പി.ഒ.കെ) സർക്കാരിനെതിരായ പ്രക്ഷോഭം കടുക്കുന്നു. തങ്ങൾ പാകിസ്താന്റെ ഭാഗമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രതിഷേധക്കാർ, അവശ്യസാധനങ്ങളുടെ വിതരണം തടയുന്നത് തുടർന്നാൽ ഇതര മാർഗങ്ങൾ തേടുമെന്നും മുന്നറിയിപ്പ് നൽകി. റേഷനും മറ്റ് അവശ്യവസ്തുക്കളും മേഖലയിലേക്ക് എത്തുന്നത് മനഃപൂർവം തടയുന്നതിനെതിരായ ജനരോഷമാണ് സമരത്തിൽ പ്രതിഫലിച്ചത്. സാധാരണക്കാരെ കൂട്ടമായി ശിക്ഷിക്കുന്ന നടപടിയാണ് പാക് സർക്കാരിന്റേതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

       നിങ്ങളുടെ റേഷൻ ഞങ്ങൾക്ക് വേണ്ടെന്നും നിങ്ങൾക്ക് ഞങ്ങളെയാണ് ആവശ്യമുള്ളതെന്നും പി.ഒ.കെ നേതാവ് സർദാർ അമൻ ഖാൻ പറഞ്ഞു. സാധനങ്ങളുടെ വിതരണത്തിലെ നിയന്ത്രണം തുടരുകയാണെങ്കിൽ അതിജീവനത്തിനായി മറ്റൊരു വഴി തേടാൻ ജനങ്ങൾ നിർബന്ധിതരാകുമെന്നും അമൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ അമൻ ഖാൻ ഉൾപ്പെടെയുള്ള സമരനേതാക്കൾക്കും അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകർക്കുമെതിരേ ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

       ഭീകരവിരുദ്ധ നിയമങ്ങൾ ഉപയോഗിച്ച് ജമ്മു കശ്മീർ അവാമി ആക്ഷൻ കമ്മിറ്റിയെ (ജെ.എ.എ.സി) ഈ മാസം ആദ്യം പാക് ഭരണകൂടം നിരോധിച്ചിരുന്നു. ഇതിനുശേഷവും സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. റാവലക്കോട്ടിലെയും മിർപുരിലെയും താമസക്കാർ യഥാർത്ഥ കശ്മീരികളല്ലെന്ന പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് നടത്തിയ പരാമർശമാണ് പ്രക്ഷോഭത്തെ കൂടുതൽ ആളിക്കത്തിച്ചത്. പ്രസ്താവനയ്ക്കെതിരേ പി.ഒ.കെയിലുടനീളം പ്രതിഷേധമുയർന്നു.

         സാമ്പത്തികവും ഭരണപരവുമായ വിഷയങ്ങളിൽ തുടങ്ങിയ പ്രക്ഷോഭത്തെ ഒരു സുരക്ഷാ ഭീഷണിയായി ചിത്രീകരിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നാണ് ആരോപണം. ജൂൺ ആദ്യം മുതൽ മേഖലയിലെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്. സമരത്തിന്റെ ദൃശ്യങ്ങൾ പുറംലോകം അറിയാ തിരിക്കാനാണ്  ആശയവിനിമയ സൗകര്യങ്ങൾ റദ്ദാക്കിയതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. സംഘർഷത്തിൽ ഇതുവരെ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

NDR news
05 Jul 2026 10:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents