തട്ടുകടകൾ ഒഴിപ്പിച്ചതിനെതിരെ ഡി വൈ എഫ് ഐ
തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള തട്ടുകടകൾ ഒഴിപ്പിച്ചതിനെതിരെ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾ പൊളിച്ചു മാറ്റിയ നടപടിക്കെതിരെ ഡിവൈഎഫ്ഐ. കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് ഭക്ഷണം വിളമ്പുന്ന തട്ടുകടകൾ പൊളിച്ചു മാറ്റിയ നടപടി മനുഷ്യത്വരഹിതമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും പ്രസിഡൻ്റ് വി അനൂപും പ്രസ്താവനയിൽ പറഞ്ഞു
സാധാരണ തൊഴിലാളികളും ചെറുകിട സംരംഭകരുമാണ് ഇത്തരം കടകൾ നടത്തുന്നത്. വർഷങ്ങളായി നഗരത്തിൽ വൈകിയും തുറന്നുപ്രവർത്തിക്കുന്ന തട്ടുകടകൾ നാനാതുറകളിൽപെട്ട ഉപഭോക്താക്കൾക്ക് പ്രയോജനപ്രദമാണ്. എന്നാൽ മുൻകൂർ നോട്ടീസ് നൽകുകയോ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാതെ കോർപറേഷന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ കടകൾ പൊളിച്ചുനീക്കിയ നടപടി അംഗീകരിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുകയും തൊഴിലാളികളുടെ ജീവനോപാധി സംരക്ഷിക്കുകയുമാണ് കോർപറേഷൻ്റെ ഉത്തരവാദിത്തം. തട്ടുകടയിലൂടെ ഉപജീവനം നടത്തുന്നവരെയും അവിടെ പണിയെടുക്കുന്ന തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും വഴിയാധാരമാക്കുന്ന നടപടി കോർപറേഷൻ പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ദിവസമാണ് നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്നുവെന്ന് കാട്ടി കോർപറേഷനും ആരോഗ്യ വകുപ്പും സംയുക്തമായി തട്ടുകൾ ഒഴിപ്പിച്ചത്. കേരള സർവകലാശാല, യൂണിവേഴ്സിറ്റി കോളേജ് പരിസരങ്ങളിലെ തട്ടുകളാണ് നീക്കിയത്. നടപ്പാതകൾ കൈയേറിയാണ് തട്ടുകടകൾ പ്രവർത്തിച്ചതെന്നും കോർപറേഷന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നും ആരോഗ്യ വിഭാഗം അധികൃതർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

