headerlogo
politics

ബി ജെ പി കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി

ജൂലൈ 14 രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ വെച്ച് ആർ സുഗതൻ സത്യപ്രതിജ്ഞ ചെയ്യും

 ബി ജെ പി കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി
avatar image

NDR news

13 Jul 2026 09:10 PM

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. നാളെ രാവിലെ പതിനൊന്ന് മണിക്ക് വിയ്യൂർ ജയിലിൽവെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സുഗതൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപ്രകാരം തെറ്റല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനവിധി മാനിക്കേണ്ടതുണ്ടെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അക്രഡിറ്റഡ് മാധ്യമങ്ങൾക്കും പ്രവേശനം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

       അതേസമയം കോടതി വിധി മാനിക്കുന്നുവെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് പറഞ്ഞു. നാളെ കോടതി പറഞ്ഞ സമയത്ത് തന്നെ സത്യപ്രതിജ്ഞ നടത്തും. ഇന്ന് തന്നെ വിയ്യൂരിലേക്ക് പോകും. 101 കൗൺസിലർമാരിൽ ഒരാൾക്ക് പോലും ഈ അഞ്ച് വർഷത്തിനിടയിൽ അയോഗ്യത ഉണ്ടായിട്ടില്ല. രാഷ്ട്രീയത്തിൽ ഇതൊക്കെ ഉള്ളതാണ്. കേസിന്റെ പേരിൽ വളഞ്ഞിട്ട് ആക്രമിക്കാൻ ഒന്നുമില്ല. തങ്ങൾക്ക് ഒന്നിനോടും വിയോജിപ്പില്ല. ഭരണസമിതി എല്ലാ കൗൺസിലർമാരെയും സംരക്ഷിക്കുമെന്നും ഭരണപരമായ കാര്യങ്ങൾക്ക് എല്ലാവരെയും ചേർത്ത് നിർത്തുമെന്നും വി വി രാജേഷ് വ്യക്തമാക്കി

        സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കണ മെന്നാവശ്യപ്പെട്ടായിരുന്നു സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലികമായി ജയിലിൽ നിന്ന് വിട്ടയക്കണം എന്നായിരുന്നു സുഗതന്റെ ആവശ്യം. ഇതിന് ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കാപ്പാ കേസിൽ പ്രതിയായതിനാൽ ജയിലിൽ നിന്ന് പുറത്തുവിടാനുള്ള സാഹചര്യമില്ലെന്നും ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം ഒരുക്കിയത്. സത്യപ്രതിജ്ഞയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സുഗതൻ ആദ്യം സമീപിച്ചത്. എന്നാൽ സുഗതന്റെ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. മജിസ്‌ട്രേറ്റ് കോടതിയല്ല, ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ട തെന്നായിരുന്നു പ്രോസിക്യൂഷൻ പറഞ്ഞത്. ഇതേ തുടർന്നായിരുന്നു സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്.

       ദൈവമാനത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതൻ ഉൾപ്പെടെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്. കാപ്പ ചുമത്തി ജയിലിലായതിനാൽ സുഗതന് മറ്റ് കൗൺസിലർമാർക്ക് ഒപ്പം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. ആറ് മാസത്തെ കാപ്പാ തടവ് കാപ്പ ഉപദേശക സമിതിയും ശരിവെച്ചതോടെ സുഗതന് ജില്ലയിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്

NDR news
13 Jul 2026 09:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents