വി ഡി സതീശനെ ഇനി കാണാൻ താല്പര്യമില്ല: ജി സുകുമാരൻ നായർ
മുഖ്യമന്ത്രി വി ഡി സതീശനുമായിട്ട് കൂടി കാഴ്ചക്ക് അനുവാദം ചോദിച്ചിട്ട് പ്രതികരണമില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു
ചങ്ങനാശ്ശേരി: കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബുധനാഴ്ച പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജി. സുകുമാരൻനായർ പ്രതികരിച്ചു. മുൻപ് സന്ദർശനത്തിന് അനുമതി തേടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചിരുന്നു. തിരിച്ചുവിളിക്കാമെന്ന് അറിയിച്ചു. ആറുദിവസം കഴിഞ്ഞാണ് വിളിച്ചത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടുംവിളിച്ചു. എറണാകുളത്തുവെച്ച് കാണാമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പറഞ്ഞു. അങ്ങനെ കാണേണ്ട കാര്യമല്ലെന്ന് അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള എൻ.എസ്.എസ്. നിലപാടിൽ ഒരു മാറ്റവുമില്ല. ഇനി കാണാൻ താത്പര്യമില്ല. തന്നെ കാണാനും ആരും വരേണ്ടാ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫോൺ വിളിച്ചാൽ എടുക്കുമായിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് ഇപ്പോൾ ഉണ്ടോ. രാഹുൽഗാന്ധി എവിടെയാണ്. എൻ.എസ്.എസിനെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ അഭിപ്രായത്തിന് രാഷ്ട്രീയലക്ഷ്യമുണ്ട്. പാവം ഉപരാഷ്ട്രപതിയെക്കൂടി ഈ രാഷ്ട്രീയലക്ഷ്യം നേടാനായി ഉപയോഗിക്കുകയായിരുന്നു. സുരേഷ്‌ഗോപിയുടെ നിലപാട് ബി.ജെ.പി.ക്ക് ദോഷകരമാകുമെന്നു മനസ്സിലാക്കിയാണ് രാജീവ് ചന്ദ്രശേഖർ എൻ.എസ്.എസ്. അനുകൂലനിലപാടെടുത്തതെന്നും സുകുമാരൻനായർ പറഞ്ഞു.

