headerlogo
politics

പി എം ശ്രീ പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുസ്ലീം ലീഗ് .

പാണക്കാട് ചേർന്ന മുസ്ലീം ലീഗ് യോഗം മന്ത്രിമാരുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു.

 പി എം ശ്രീ പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുസ്ലീം ലീഗ് .
avatar image

NDR news

18 Jul 2026 10:31 AM

മലപ്പുറം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്ക് പാർട്ടി നിര്‍ദേശം. പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കാനും ലീഗ് മന്ത്രിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം തീരുമാനിച്ചു. മന്ത്രിമാർ ചുമതലയേറ്റിട്ട് രണ്ട് മാസമായ സാഹചര്യത്തിൽ വകുപ്പുകളിലെ കാര്യങ്ങൾ പരിശോധിക്കാനും വിശകലനം ചെയ്യാനും അതൃപ്തി പരിഹരിക്കാനുമാണ് യോഗം ചേർന്നത്.

      മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തില്‍ ഇടം കിട്ടാത്തവര്‍ക്ക് മറ്റ് പദവികള്‍ നല്‍കാൻ യോഗത്തിൽ ധാരണയായി. 50 തസ്തികകളിലേക്ക് മൂവായിരത്തോളം അപേക്ഷകൾ വന്നതിനാൽ അവസരം ലഭിക്കാത്തവർക്ക് ചെറിയ അലോസരങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മന്ത്രിമാരുടെ പരാതികളും പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു

        മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങളുണ്ടെന്ന വാര്‍ത്തകളെ പി.എം.എ സലാം തള്ളിയെങ്കിലും മന്ത്രിമാര്‍ സംഘടന സംവിധാനത്തിലൂടെ തന്നെ പോകണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതായി സമ്മതിച്ചു. വഖഫ് ബോർഡ് കേസിൽ സർക്കാർ ഹർജിക്കാർക്കൊപ്പം ഒത്തുകളിക്കുന്നെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം കള്ളമാണെന്ന് സലാം കുറ്റപ്പെടുത്തി. രണ്ട് അമുസ്‌ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല. വഖഫ് ബോർഡ് രൂപീകരണത്തിലെ സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകൾ പരിശോധിക്കാമെന്ന് മാത്രമാണ് അറിയിച്ചത്. വഖഫ് വിഷയത്തിൽ ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച കോഴിക്കോട്ട് സംസ്ഥാന കമ്മിറ്റി ചേരാനിരിക്കെയാണ് ലീഗ് നേതൃത്വം മന്ത്രിമാരെ വിളിപ്പിച്ചത്. മന്ത്രിമാര്‍ക്ക് പുറമേ സാദിഖലി ശിഹാബ് തങ്ങള്‍, പി.എം.എ സലാം, അബ്ബാസലി തങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

NDR news
18 Jul 2026 10:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents