headerlogo
politics

എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ

എൻ എസ് എസ് ജനറൽ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും എൻ എസ് എസ് ഡയറക്ടർ ബോർഡിൽ നിന്നും തന്നെ ഒഴിവാക്കിയത് നീതിയുക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

 എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ
avatar image

NDR news

20 Jul 2026 10:06 AM

കൊട്ടാരക്കര: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരടക്കമുള്ളവർക്കെതിരെ പരോക്ഷ വിമർശനങ്ങളുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിൽ ഏകാധിപത്യ പ്രവണതകൾ പാടില്ലെന്നും, ലോകചരിത്രം പരിശോധിച്ചാൽ ഏകാധിപതികൾ എവിടെയായാലും തകർന്നടിഞ്ഞിട്ടുള്ള കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

      എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. മന്നത്തു പത്മനാഭന്റെ സമാധി മന്ദിരം അദ്ദേഹത്തെ ആദരിക്കുന്ന എല്ലാവർക്കുമായി തുറന്നു നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന് പറയുന്നതുപോലെ, മന്നത്ത് ആചാര്യനെ ബഹുമാനിക്കുന്ന ഏവർക്കും സമാധി മന്ദിരത്തിൽ വന്ദിക്കാനുള്ള അവസരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

     മുഖ്യമന്ത്രി വി.ഡി. സതീശൻ എൻഎസ്എസിനെ അധിക്ഷേപിച്ചുവെന്ന ആരോപണങ്ങളും കെ.ബി. ഗണേഷ് കുമാർ തള്ളി. സതീശൻ തന്റെ സുഹൃത്താണെന്നും, അദ്ദേഹം ഒരിക്കലും സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താൻ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

       കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. അദ്ദേഹം എന്താണ് പ്ലാൻ ചെയ്തതെന്ന് തനിക്കറിയില്ല. അദ്ദേഹം അദ്ദേഹം ഒരു കേന്ദ്രമന്ത്രിയാണെന്ന പരിഗണന നൽകണം. എൻഎസ്എസിൽ ഇപ്പോൾ വേണ്ടത് ഏകാധിപത്യ പ്രവണതകളല്ലെന്നും, മറിച്ച് കുറച്ചുകൂടി സ്നേഹവും മര്യാദയുമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

NDR news
20 Jul 2026 10:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents