പൊതിച്ചോർ വിവാദം ആരോഗ്യ മന്ത്രിക്കെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ
കൊടിയും കെട്ടി പൊതിച്ചോറ് വിതരണം ചെയ്യാൻ പാടില്ലെന്ന ആരോഗ്യ മന്ത്രി കെ മുരളിധരന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.
കോഴിക്കോട്: ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം ചെയ്യാൻ പാടില്ലെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. പൊതിച്ചോറ് കഴിച്ചവർ അത് കൊടുത്തവർക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ പലരും സഭ കാണുമായിരുന്നില്ലെന്നും പൊതിച്ചോറ് വിതരണത്തിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം
കമ്യൂണിറ്റി കിച്ചനൊന്നും കേരളത്തിൽ നടപ്പാവില്ലെന്നും കോവിഡ് കാലത്ത് തന്നെ അത് പൊളിഞ്ഞ് പാളീസായതാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ പ്രഖ്യാപനം. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്നും കമ്മ്യൂണിറ്റി കിച്ചൻ എന്ന നിലയിൽ ഭക്ഷണം നൽകാമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിന് പിന്നാലെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ് ഉൾപ്പെടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് കെ സുരേന്ദ്രന്റെയും പ്രതികരണം

