headerlogo
politics

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കലാസംസ്കാരിക പ്രവർത്തകർ

റാപ്പർ വേടന്റെയും ഗബ്രിയുടെയും നേതൃത്വത്തിൽ പാട്ടും പ്രതിഷേധവും പരിപാടി നടത്തി.

 ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കലാസംസ്കാരിക പ്രവർത്തകർ
avatar image

NDR news

23 Jul 2026 07:16 AM

കൊച്ചി: ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് കൊച്ചിയില്‍ കലാ-സംസ്‌കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യ സദസ്സുകള്‍. റാപ്പര്‍ വേടന്റേയും ഗബ്രിയുടെയും നേതൃത്വത്തില്‍ പനമ്പള്ളി നഗറില്‍ 'പാട്ടും പ്രതിഷേധവും' എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരായ എന്‍ എസ് മാധവന്‍, കെ ആര്‍ മീര, നടന്‍ ജോജു ജോര്‍ജ്, സംവിധായകന്‍ ആഷിഖ് അബു, രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ മഹാരാജാസില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തു.

        കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് വേടന്‍ ആവശ്യപ്പെട്ടു. പരാജയപ്പെട്ട നയങ്ങള്‍ക്ക് ജനാധിപത്യ രാഷ്ട്രത്തില്‍ സ്ഥാനമില്ലെന്നും വേടന്‍ പറഞ്ഞു. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ തല്ലിയവരുടെ കൂട്ടത്തില്‍ പൗരന്മാരും ഉണ്ടായിരുന്നുവെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞു. ട്രക്കില്‍ കല്ലുമായി എത്തിയ കുത്തിത്തിരുപ്പുകാരും ഉണ്ടായിരുന്നു. ഇത് ഓര്‍മ്മിപ്പിക്കുന്നത് ഹിറ്റ്‌ലറുടെ ചരിത്രമാണെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. മുഖം മറച്ച നിരവധി പേര്‍ മര്‍ദ്ദിക്കാന്‍ എത്തിയെന്നും ഇത് ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ടെന്നും എന്‍ എസ് മാധവന്‍ കൂട്ടിച്ചേര്‍ത്തു. നിശബ്ദമാക്കാനുള്ള ശ്രമം എല്ലാ തരത്തിലും നടക്കുന്നതായി കെ ആര്‍ മീരയും അഭിപ്രായപ്പെട്ടു.

       നമ്മുടെ നാട്ടില്‍ അടിയന്തരാവസ്ഥാ സാഹചര്യമാണെന്നും യുവജന പ്രക്ഷോഭങ്ങള്‍ ലോകത്ത് തളര്‍ന്നിട്ടില്ലെന്നും നടന്‍ ജോജു ജോര്‍ജ് പറഞ്ഞു. സമരത്തില്‍ പ്രതീക്ഷയുണ്ടെന്നും ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. തെരുവിലെ സമരം പ്രതീക്ഷ നല്‍കുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബുവും പ്രതികരിച്ചു.

NDR news
23 Jul 2026 07:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents