കേന്ദ്ര സർക്കാറിനെതിരെ ഇനി ഉയരുക ഇ -20 പെട്രോൾ
സി ജെ പിയുടെ സമര വിജയത്തെ തുടർന്ന് പുതിയ പ്രക്ഷോഭവുമായി പ്രതിപക്ഷം
ന്യൂഡൽഹി: വിദ്യാർഥിസമരത്തിലെ പ്രധാന ആവശ്യമായ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി കഴിഞ്ഞതോടെ ഇനി കേന്ദ്രസർക്കാരിനെതിരേ ഉയരുക അയോധ്യ സംഭാവനക്കൊള്ളയും പെട്രോളിലെ എഥനോൾ വിഷയവും. വിദ്യാർഥികളെ മർദിച്ചവർക്കെതിരേ നടപടിയും പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയലുമാവും തിങ്കളാഴ്ച പ്രതിപക്ഷം പ്രധാനമായും ഉയർത്തുകയെങ്കിലും അയോധ്യാ വിഷയവും മെല്ലെ ഉയർന്നുവരുമെന്ന് പ്രതിപക്ഷവൃത്തങ്ങൾ സൂചനനൽകി
സി.ജെ.പി.യിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇ 20 ജനതാപാർട്ടി (ഇ.ജെ.പി.) എന്ന പേരിൽ എക്സിലും ഇൻസ്റ്റഗ്രാമിലും ഉൾപ്പെടെ പുതിയ കൂട്ടായ്മ രൂപംകൊണ്ടിട്ടുണ്ട്. ഒറ്റദിവസംകൊണ്ട് എക്സിൽ ഇരുപതിനായിരത്തോളവും ഇൻസ്റ്റയിൽ മുപ്പതിനായിരത്തോളവും പേർ ഇ.ജെ.പി.യെ പിന്തുണച്ചു.
എഥനോൾ കലർത്താത്ത, 100 ശതമാനം ശുദ്ധമായ പെട്രോൾ എന്നത് ഓരോ പൗരന്റെയും അവകാശമാണെന്ന് ഇ.ജെ.പി. പറയുന്നു. നിലവിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ എഥനോൾ കലർത്തുന്നതിലെ ആശങ്കകൾ പാർലമെന്റിൽ ഉയർത്തിയിട്ടുണ്ടെങ്കിലും പ്രതിഷേധപരിപാടികളൊന്നും നടത്തിയിട്ടില്ല. ഇ 20 കൂട്ടായ്മ ശക്തി പ്രാപിച്ചാൽ പ്രതിപക്ഷത്തിനും ഒപ്പം നിൽക്കേണ്ടിവരും. എഥനോൾ കലർത്തിയ പെട്രോൾ കാരണം വാഹനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇ 20 പെട്രോളിനോടുള്ള പ്രതിഷേധങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് ഇ.ജെ.പി. പോസ്റ്റ് ചെയ്യുന്നത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരായ പോസ്റ്റുകളുമുണ്ട്. ‘ധർമേന്ദ്ര പ്രധാൻ രാജിവെച്ചു, അടുത്തത് എഥനോൾ ഗഡ്കരി’ എന്നാണിത്. വിദ്യാർഥിസമരത്തിനൊപ്പം അയോധ്യാ വിഷയവും ഉയർത്തണമെന്ന നിർദേശം തുടക്കംമുതൽ കോൺഗ്രസിനുണ്ടായിരുന്നു. ഇന്ത്യയോഗത്തിൽ ഇടതുപക്ഷമടക്കമുള്ളവർ വിദ്യാർഥിസമരത്തിന് പ്രാമുഖ്യം നൽകണമെന്ന് നിർദേശിച്ചതിനുപിന്നാലെയാണ് അയോധ്യ താത്‌കാലികമായി നിർത്തിവെച്ചത്. അതിനാൽ കോൺഗ്രസ് വീണ്ടും അയോധ്യയെ ഉയർത്തി ക്കൊണ്ടുവരുമെന്നുറപ്പാണ്

