കേന്ദ്ര സഹായത്തിനായി എംപിമാർ നിവേദനം നൽകി
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന് കേന്ദ്രസഹായം അനുവദിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള എംപിമാർ ഒപ്പിട്ട നിവേദനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൈമാറി
ന്യൂഡൽഹി: കനത്ത മഴയിൽ കേരളത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കേരളത്തിൽ നിന്നുള്ള എംപിമാർ ഒപ്പിട്ട നിവേദനം നൽകി. നാശനഷ്ടം വിലയിരുത്താൻ പ്രത്യേക കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് നിവേദനത്തിൽ പറയുന്നു. ഏകദേശം 20 പേർ മരിക്കുകയും ഏഴു പേരെ കാണാതാവുകയും നിരവധി വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നതായും പറയുന്നു. 353 ദുരിതാശ്വാസ ക്യാമ്പുകളിലായി 13,496 പേരെ മാറ്റിപ്പാർപ്പിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നൽകിയ നിവേദനത്തിൽ എംപിമാരായ കെസി വേണുഗോപാൽ, എൻകെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, അടൂർ പ്രകാശ്, ഇ ടി. മുഹമ്മദ് ബഷീർ, എംപി. അബ്ദുൾ സമദ് സമദാനി, എം കെ. രാഘവൻ, കെ. സുധാകരൻ, കെ. ഫ്രാൻസിസ് ജോർജ്, ബെന്നി ബെഹനാൻ, കെ. രാധാകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, വികെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ജെബി മേത്തർ, പി വി. അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ എന്നിവർ ഒപ്പുവെച്ചു.

