വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ല, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ചൊല്ലണമെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലറുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
മലപ്പുറം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ വന്ദേമാതരം പൂർണമായി ആലപിച്ചിട്ടില്ലെന്നും കോൺഗ്രസിന്റെയും യുപിഎയുടെയും പരിപാടികളിൽ ഗാനത്തിന്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതുതന്നെയാണ് തങ്ങളുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വന്ദേമാതരം പൂർണമായി ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലോക്ഭവൻ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ചൊല്ലിയിട്ടുണ്ടെങ്കിലും നിയമസഭയിൽ മുഴുവനായി ആലപിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയുടെ സർക്കുലർ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

