മന്ത്രി എൻ ഷംസുദ്ദീനെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ 10 യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു
കോഴിക്കോട്: മന്ത്രി എൻ ഷംസുദ്ദീന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തിൽ ബിജെപി-യുവമോർച്ച പ്രവർത്തകർക്കെതിരെ കേസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് നടന്ന കരിങ്കൊടി പ്രതിഷേധത്തിലാണ് 10 പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രിയാണ് മന്ത്രി എൻ ഷംസുദ്ദീന് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സ്‌കൂൾ ക്വിസിൽ വിഡി സവർക്കറെ പുകഴ്ത്തിയ ചോദ്യാവലി വിവാദത്തിൽ ഒരു അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിരുന്നു. അധ്യാപകനെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെയായിരുന്നു ബിജെപി-യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധംഅതേസമയം, വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞിരുന്നു. വിഷയത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് വ്യക്തമായാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിദ്യാർഥികൾക്കായി നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിൻ്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയാണെന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസ മേഖലയെ അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയ അജണ്ടകളും പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുതെന്നും, ചരിത്രപരമായ വസ്തുതകൾ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.വാർത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യകത്മാക്കിയത്.
സ്വതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിദ്യാർഥികൾക്കായി നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ ചോദ്യം ആണ് വിവാദമായത്. ‘ബ്രിട്ടിഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി?’എന്ന ചോദ്യത്തിന് നൽകിയ ഉത്തര സൂചികയിൽ ഉണ്ടായിരുന്നത് വിഡി.സവർക്കറുടെ പേരാണ്. ഇത് വിവാദത്തിന് ഇടയാക്കുകയായിരുന്നു. വിവാദമായ സംഭവത്തിൽ എഇഒമാരോട് കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടിയിരുന്നു.സംഭവത്തിൽ കാസർകോട്, ' കുമ്പള, മഞ്ചേശ്വരം എഇഒമാർ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർദേശം നൽകിയിരുന്നു. എൽപി വിദ്യാർത്ഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചരിത്ര വിരുദ്ധമായ ചോദ്യം ഉൾപ്പെട്ടത്.

