കെഎസ് ആർ ടി സി വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എസി സെമി സ്ലീപ്പർ സർവീസ് 16 മുതൽ
കെഎസ് ആർ ടി സി വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എസി സെമി സ്ലീപ്പർ ആഗസ്റ്റ് 16 മുതൽ ആലപ്പുഴ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സർവീസ് നടത്തും
തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എസി സെമി സ്ലീപ്പർ സർവീസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 16-ന് ഈ സർവീസിന് തുടക്കമാകും. ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ ശ്രീ. കെ.സി വേണുഗോപാൽ എം.പി ബസ് സർവീസ് നാടിന് സമർപ്പിക്കും.
നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55-ന് ബെംഗളൂരുവിൽ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സർവീസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയിൽ എത്തും. നിങ്ങളുടെ യാത്രാസൗകര്യത്തിനായി സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ശുചിമുറി തുടങ്ങിയ മികച്ച സൗകര്യങ്ങൾ ബസ്സിൽ ഒരുക്കിയിട്ടുണ്ട്.
സുരക്ഷിതവും കൂടുതൽ സുഖകരവുമായ യാത്രാനുഭവം നിങ്ങൾക്ക് ഒരുക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന സർവീസിലേക്കുള്ള ഓൺലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.onlineksrtcswift.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഇതിനുപുറമെ, ലളിതമായും വേഗത്തിലും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസി അടുത്തിടെ അവതരിപ്പിച്ച വാട്സാപ്പ് ബുക്കിങ് സംവിധാനവും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. 9447071021 എന്ന ഔദ്യോഗിക വാട്സാപ്പ് നമ്പരിലേക്ക് സന്ദേശം അയച്ചാൽ പ്രത്യേക ആപ്പുകളോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുക്കാനും ഓൺലൈനായി പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. ബുക്കിങ് പൂർത്തിയായാൽ ഇ-ടിക്കറ്റും പിഎൻആർ വിവരങ്ങളും ഇതേ ചാറ്റിൽ തന്നെ ലഭ്യമാകും.

