കാലപഴക്കം ചെന്ന കെഎസ്ആർടിസി ബസുകൾ യാത്രക്കാരുടെ ജീവന് ഭീഷണി
പഴക്കം കൊണ്ട് ഒഴിവാക്കേണ്ട പല കെഎസ്ആർടിസി ബസുകളിലും അമിത എണ്ണം യാത്രക്കാരെ കയറ്റിയാണ് സർവീസ് നടത്തുന്നത്
കോഴിക്കോട്: പല കെഎസ്ആർടിസി ബസ്സുകളും പഴക്കം കൊണ്ട് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.പല ഓർഡിനറി സർവീസുകളും വഴിയില്‍ കിടക്കുന്ന അവസ്ഥയും ഉണ്ട്. സർവീസ് നിർത്തേണ്ട പ്രായ പരിധി കഴിഞ്ഞിട്ടും ബസുകളുടെ ക്ഷാമം മൂലം ഇത്തരം വാഹനങ്ങള്‍ സർവീസിന് ഉപയോഗിക്കാൻ ഡിപ്പോ അധികൃതർ നിർബന്ധിതരാവുകയാണ്.
ബ്രേക്ക് തകരാർ, ടയറുകളുടെ ജീർണാവസ്ഥ, ഡോറുകളുടെയും ജനലുകളുടെയും തകരാറുകള്‍ മഴക്കാലത്ത് ബസിനുള്ളിലെ ചോർച്ച എന്നിവ യാത്രക്കാരെയും കാല്‍നട യാത്രക്കാരെയും ഒരുപോലെ അപകടത്തിലാക്കുന്നു. ഒരു ബസ്സില്‍ നൂറിൽ കൂടുതൽ യാത്രക്കാർ ആണ് പലപ്പോഴും കയറുന്നത്. പരമാവധി എഴുപത് പേരെ താങ്ങാനുള്ള ശേഷി മാത്രമേ ഈ ബസ്സുകള്‍ക്കുള്ളൂ.
തിരക്ക് കാരണം ചില ബസ്സുകള്‍ ഒരു ഭാഗത്തേക്ക് ചരിഞ്ഞാണ് മുന്നോട്ട് പോകുന്നത്. അതോടൊപ്പം ഓട്ടോമാറ്റിക് ഡോർ സംവിധാനവുമില്ല. ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ചു വീണു സംസ്ഥാനത്ത് നിരന്തരം അപകടങ്ങള്‍ ഉണ്ടാകാനും ഇതു കാരണ മാവുന്നുണ്ട്. ഓട്ടോമാറ്റിക് ഡോർ സംവിധാനം ഏർപ്പെടുത്തണമെന്നും അപകട സാധ്യത കുറയ്ക്കാൻ തിരക്ക് കൂടിയ റൂട്ടുകളില്‍ കൂടുതല്‍ ബസ് സർവ്വീസുകള്‍ അനുവദിക്കണമെന്നുമാണ് യാത്രക്കാരുടെ പ്രധാന ആവശ്യം

