സി ഇ ടി യിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ എസ്എഫ്ഐ പ്രതിഷേധം
ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തതിൽ എസ്എഫ്ഐ പ്രതിഷേധം
തിരുവനന്തപുരം: ശ്രീകാര്യം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ (സി ഇ ടി) കേന്ദ്ര യുവജനക്ഷേമ വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതില്‍ എസ് എഫ് ഐ പ്രതിഷേധം. എന്‍ എസ് എസ് പരിപാടിയില്‍ വന്ദേമാതരം ആലപിക്കുകയും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തതിനെതിരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി പ്രതിഷേധിച്ചു. പരിപാടിക്ക് റിവ്യൂ പറയാന്‍ നാല് പേര്‍ വേണമെന്നും അതില്‍ രണ്ട് പേര്‍ തട്ടമിട്ട മുസ് ലിം വിദ്യാര്‍ഥിനികള്‍ ആയിരിക്കണമെന്നും എന്‍ എസ് എസ് അധികൃതര്‍ നിര്‍ബന്ധം പറഞ്ഞെന്നും എസ് എഫ് ഐ ആരോപിച്ചു. കോളജുകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തുമെന്നും എസ് എഫ് ഐ വ്യക്തമാക്കി.

