മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് മൂന്ന് മാസത്തിനു ശേഷം പ്രൈവറ്റ് സെക്രട്ടറിയായി
അധികാരമേറ്റ് മൂന്നു മാസത്തിനു ശേഷം വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി സി എസ് ശരത് ചന്ദ്രനെ നിയമിച്ചു
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് മൂന്ന് മാസത്തിന് ശേഷം പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. മന്ത്രി നിര്‍ദ്ദേശിച്ച സി എസ് ശരത് ചന്ദ്രനെ പിഎസ് ആയി നിയമിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി നല്‍കി. വി ഡി സതീശന്‍ മന്ത്രിസഭ അധികാരമേറ്റ് മൂന്നുമാസത്തിനിപ്പുറമാണ് ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കുന്നത്.
മന്ത്രിസഭ അധികാരത്തിലേറി ഇത്രകാലമായിട്ടും മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറി ഇല്ലാത്തത് വലിയ വിവാദമായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിന്ദു കൃഷ്ണ ശരതിന്റെ പേര് നിര്‍ദ്ദേശിച്ചു. തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഒന്നിലധികം തവണ മുഖ്യമന്ത്രിയോട് മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. ബിന്ദു കൃഷ്ണ നിര്‍ദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചതാണ് നിയമനം വൈകാന്‍ കാരണമായത്.
എംഎല്‍എ ആയിരുന്നപ്പോള്‍ കെ സി വേണുഗോപാലിന്റെ പിഎ ആയിരുന്നു ശരത് ചന്ദ്രന്‍. ടൂറിസം മന്ത്രി ആയപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലുമുണ്ടായിരുന്നു. സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടന നേതാക്കള്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് ശരത്തിന്റെ നിയമനം വൈകിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. അനുമതി വൈകിയെങ്കിലും പകരം ആരുടെയും പേര് മന്ത്രി നിര്‍ദ്ദേശിച്ചില്ല. പിഎസ് സ്ഥാനം ഒഴിച്ചിടാനായിരുന്നു ആലോചന.
കെ സി വേണുഗോപാലിന് താത്പര്യമുള്ളയാള്‍ പ്രൈവറ്റ് സെക്രട്ടറിയായി വരുന്നതിലെ അതൃപ്തി കാരണമാണ് വി ഡി സതീശന്‍ ശരത് ചന്ദ്രന്റെ നിയമനത്തിന് അംഗീകാരം നല്‍കാതിരുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. ആവശ്യം ഉന്നയിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചത്. വാര്‍ത്താസമ്മേളനങ്ങളില്‍ പലതവണ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ബിന്ദു കൃഷ്ണയോട് ചോദ്യങ്ങളുന്നയിച്ചിരുന്നു. മന്ത്രി മറ്റൊരാളുടെ പേര് നിര്‍ദേശിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഒടുവില്‍ നിയമനം മുഖ്യമന്ത്രി അംഗീകരിച്ചത്.

