കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ അഞ്ച് റോഡുകൾക്ക് കേന്ദ്ര ഫണ്ട്.
അഞ്ച് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും നിർമ്മാണാനുമതി ലഭിച്ചതായി എം കെ രാഘവൻ എംപി. അറിയിച്ചു
കോഴിക്കോട്: കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ അഞ്ച് പ്രധാന റോഡുകളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ (CRIF) നിന്നും നിർമാണാനുമതി നൽകിയതായി എം.കെ രാഘവൻ എം.പി അറിയിച്ചു. മണ്ഡലത്തിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി എം.പി നൽകിയ തുടർച്ചയായ നിവേദനങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് ഈ പദ്ധതികൾക്ക് കേന്ദ്ര അനുമതി ലഭിച്ചത്
മെഡിക്കൽ കോളേജ് - മാവൂർ റോഡ് 13.7 കിലോമീറ്റർ നീളത്തിൽ നവീകരിക്കുന്നതിനായി 23 കോടി രൂപയാണ് സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമേ, 10 കിലോമീറ്റർ നീളമുള്ള ചാത്തമംഗലം- ഇഷ്ടിക ബസാർ-സങ്കേതം-മുഴപ്പാലം-തെങ്ങിലക്കടവ് റോഡിനായി 19 കോടി രൂപയും, 10.20 കിലോമീറ്റർ നീളമുള്ള പുൽപറമ്പ് മുക്ക്-നായർകുഴി-എം.വി.ആർ ഹോസ്പിറ്റൽ-വെള്ളലശ്ശേരി-കഴുത്തുറ്റിമുക്ക്-കണ്ണിപറമ്പ്-കുറ്റിക്കടവ്-ചെട്ടിക്കടവ് റോഡിനായി 20 കോടി രൂപയും,10 കിലോമീറ്റർ ദൂരമുള്ള അമ്പലപ്പടി-മൂന്നിലമ്പാടം-പുള്ളിക്കടവ്-പെരുമുഖം-കല്ലമ്പാറ-മണ്ണൂർവളവ്-പ്രബോധിനി-വടക്കുമ്പാട്-മുരുകല്ലിങ്ങൽ-വട്ടപ്പറമ്പ്- കടലുണ്ടി കടവ് റോഡിന് 16 കോടി രൂപയും, 12 കിലോമീറ്റർ നീളമുള്ള നെല്ലാങ്കണ്ടി-എളേറ്റിൽ വട്ടോളി-വള്ളിയോത്ത്-കാരക്കുന്നത്ത് റോഡിന് 29 കോടി രൂപയും അനുവദിച്ചുള്ള പ്രവൃത്തികൾക്കാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്നും നിർമാണാനുമതി ലഭിച്ചത്.
പദ്ധതികൾ ഭരണാനുമതി ലഭിച്ച് 4 മാസത്തിനകം സാങ്കേതിക-സാമ്പത്തിക അനുമതി നൽകേണ്ടതും കരാർ തീയതി മുതൽ പരമാവധി 24 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്. ദേശീയപാത നിലവാരത്തിലുള്ള നിർമാണ പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പും പൂർത്തിയായ ശേഷവും നെറ്റ്‌വർക്ക് സർവേ വെഹിക്കിൾ ഉപയോഗിച്ച് റോഡിന്‍റെ ഗുണനിലവാരം പരിശോധിച്ച് രേഖപ്പെടുത്തുന്നതും ഉപരിതല ഗതാഗത മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ പദ്ധതികൾ വലിയ ഊർജം പകരുമെന്നും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും എം.പി അറിയിച്ചു.

