പാലക്കാട് ഡിവിഷൻ തകർക്കാനുള്ള ശ്രമം ശക്തമായിഎതിർക്കും : ഷാഫി പറമ്പിൽ
പാലക്കാട് റെയിൽവേ ഡിവിഷന്റെ കീഴിൽ വരുന്ന മംഗലാപുരം ഭാഗത്തെ മൈസൂർ ഡിവിഷനിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും ഇത് പാലക്കാട് ഡിവിഷന്റെ വികസനത്തെ ബാധിക്കുമെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു
വടകര:പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിലുള്ള മംഗലാപുരം പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഷാഫി പറമ്പിൽ എം.പി. പാലക്കാട് ഡിവിഷന്റെ വരുമാനത്തെയും ഭാവി വികസനത്തെയും ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആഗസ്റ്റ് 21 ന് റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം (No. 2025/E&R/1(3)/1,) മംഗലാപുരം മുതൽ ഉള്ളാൾ വരെയുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ (SWR) മൈസൂരു ഡിവിഷന് കൈമാറാനാണ് തീരുമാനം. 2026 ഒക്ടോബർ 1 മുതൽ ഈ വിഭജനം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ മംഗലാപുരം മേഖലയെ വെട്ടിമുറിച്ച് മാറ്റുന്നത് ഡിവിഷന്റെ സാമ്പത്തിക ഭദ്രത തകർക്കും. ഈ വഞ്ചനാപരമായ നടപടിയിലൂടെ പാലക്കാട് ഡിവിഷന്റെ സാമ്പത്തിക വരുമാനത്തിൽ വൻ ഇടിവുണ്ടാകും. ഇത് വരുംനാളുകളിൽ ഡിവിഷന് കീഴിൽ നടക്കേണ്ട വികസന പ്രവർത്തനങ്ങളെയും അടിസ്ഥാന സൗകര്യ വികസനങ്ങളെയും സാരമായി ബാധിക്കും.
ഡിവിഷനെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനും അതിന്റെ പ്രാധാന്യം കുറയ്ക്കാനുമുള്ള റെയിൽവേയുടെ വിഭാഗീയ നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നത്.ഇവിടെ ജോലി ചെയ്യുന്ന നൂറു കണക്കിന് മലയാളി ജീവനക്കാർക്കും ഈ നീക്കം തിരിച്ചടിയാകും. പാലക്കാട് ഡിവിഷന്റെ സമ്പൂർണ്ണ തകർച്ചയ്ക്കും വരുംനാളുകളിലെ വിഭജനത്തിനും വഴിതെളിക്കുന്ന ഈ അനീതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്കും നിയമപരമായ പോരാട്ടങ്ങൾക്കും നേതൃത്വം നൽകുമെന്നും ജനപ്രതിനിധികളെയും ജനങ്ങളെയും അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും ഷാഫി പറമ്പിൽ എം.പി അറിയിച്ചു.

