തീയറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെ തിരെ വി.വി രാജേഷ്
സിനിമ തീയറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെ തിരെ വിമർശനവുമായി തിരുവനന്തപുരം മേയർ വി.വി രാജേഷ്
തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിൽ ആഹാരസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെന്നും തിയേറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു.
ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കോർപ്പറേഷന് ഇല്ലാത്തതിനാൽ വിഷയം ലീഗൽ മെട്രോളജിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വി.വി രാജേഷ് പറഞ്ഞു. തിയേറ്ററുകളിൽ വിൽക്കുന്ന ആഹാരസാധനങ്ങൾ കൊള്ളവിലയ്‌ക്കാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയ മേയർ, കൊച്ചുകുട്ടികളുമായി തിയേറ്ററുകളിൽ പോകുന്ന രക്ഷിതാക്കൾക്ക് പ്രയാസമുണ്ടാക്കുന്ന സാഹചര്യമാണുള്ളതെന്നും കൂട്ടിച്ചേർത്തു. ഇത് തികച്ചും ആരോഗ്യകരമായ ഒരു പ്രവണതയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെങ്കിലും രാഷ്‌ട്രീയ പ്രവർത്തകർ എന്ന നിലയിൽ ഇത്തരം ജനകീയ വിഷയങ്ങളിൽ കൃത്യമായ നിലപാട് ഉന്നയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്ററുകളിലെ അമിതവില നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഈവിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ലീഗൽ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളിൽ ശക്തമായി ഇടപെടണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.

