പോലീസിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസിനെ അക്രമിച്ച എസ്എഫ്ഐ പ്രവർത്തകൻ മനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. 31 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
തിരുവനന്തപുരം: ഇന്നലെ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മനേഷിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറെയാണ് മനേഷ് ആക്രമിച്ചത്. കൂടാതെ 31 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
പൊലീസ് ആസ്ഥാനത്തേക്ക് ഇന്നും എസ്എഫ് മാർച്ച് നടത്തുമെന്നാണ് വിവരം.കഴിഞ്ഞ ദിവസം വന്ദേമാതരം വിവാദത്തിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ വനിതാ പ്രവർത്തകർക്കുൾപ്പെടെ പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ഇത് സംഘർഷത്തിലേക്ക് നയിച്ചിരുന്നു. മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്. തുടർന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു .പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

