സംസ്ഥാന മന്ത്രിസഭ ഇന്നും നാളെയും കോഴിക്കോട് ഐഐഎമ്മിൽ
സംസ്ഥാന മന്ത്രിസഭയുടെ " റീ ഇമാജിനിംഗ് കേരളം" നേതൃത്വപരിശീലന ശില്പശാലയ്ക്ക് കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും ഇന്നുംനാളെയും പങ്കെടുക്കുന്നതാണ്
കോഴിക്കോട്: കേരളത്തിൻ്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് കോഴിക്കോടാണ് ദ്വിദിന തന്ത്രപ്രധാന നേതൃത്വ പരിശീലന ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിസഭാംഗങ്ങളും ചീഫ് സെകട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒഎസ്ഡി, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസർ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പില്‍ ഐഐഎംകെ അധ്യാപകരും രാജ്യാന്തര വിദഗ്ധരും വിവിധ സെഷനുകള്‍ നയിക്കും. മാനേജ്മെൻ്റ് ഡവലപ്മെൻ്റ് സെൻ്റർ ക്ലാസ്- 1 ലാണ് ശില്പശാല നടക്കുന്നത്.
എഐ കാലത്തെ നേതൃത്വം, ജനങ്ങളില്‍ സുസ്ഥിരമായ മാറ്റം കൊണ്ടുവരുന്നതിനുള്ള നയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോധിക പരിപാലനം, സില്‍വര്‍ എക്കണോമി, ഉന്നത വിദ്യാഭ്യാസം, കരിയര്‍ തുടങ്ങിയ വിഷയങ്ങളും വിവിധ സെഷനുകളില്‍ ചര്‍ച്ചയാകും.
മന്ത്രിസഭയ്ക്കായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന രണ്ടാമത്തെ പരിശീലന ക്യാമ്പാണിത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ 2011ലാണ് ഇതിന് മുമ്പ് മന്ത്രിസഭാ പരിശീലനം സംഘടിപ്പിച്ചത്. അന്നും കോഴിക്കോട് ഐഐഎമ്മിലായിരുന്നു പരിശീലനം

