രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലടിച്ച സംഭവം അന്വേഷിക്കും
രമ്യ ഹരിദാസ് എം എൽ എ യും കോൺഗ്രസ് പ്രവർത്തകരും തമ്മിലടിച്ച സംഭവം അന്വേഷിക്കാൻ എം എം ഹസ്സനെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്
തിരുവനന്തപുരം: രമ്യാ ഹരിദാസ് എം.എൽ.എ.യും കോൺഗ്രസ് പ്രവർത്തകരും തമ്മിലടിച്ച സംഭവം അച്ചടക്ക ലംഘനമാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ കെ.പി.സി.സി. അധ്യക്ഷൻ എം.എം. ഹസനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സംഘടന മര്യാദ ലംഘിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.
വിഷയം ഗൗരവത്തിൽത്തന്നെ കാണുന്നു. അതിന്റെ ഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, വർക്കിങ് പ്രസിഡന്റുമാർ എന്നിവരുമായി ആലോചിച്ചശേഷമാണ് അന്വേഷണത്തിന് എം.എം. ഹസനെ ചുമതലപ്പെടുത്തിയത്. ഫോണിൽ അദ്ദേഹത്തെ വിളിച്ചിരുന്നു. നാളെത്തന്നെ അന്വേഷണനടപടികൾ ആരംഭിക്കും. അച്ചടക്കലംഘനം നടത്തിയ ഉത്തരവാദിത്തപ്പെട്ടവർക്കെതിരേ സംഘടനാ നടപടികൾ സ്വീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കിഴുവിലം ഗ്രാമപഞ്ചായത്ത് പരിധിയിലെ കോൺഗ്രസ് പ്രവർത്തകർ ബാങ്ക് തിരഞ്ഞെടുപ്പിൽ രണ്ട് വിഭാഗങ്ങളായി മത്സരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കെ.പി.സി.സി. നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിങ്കര സനൽ മുൻകൈയെടുത്ത് ഡി.സി.സി. ഭാരവാഹി വിശ്വനാഥൻ നായർ, ബ്ലോക്ക് പ്രസിഡന്റ് അഭയൻ എന്നിവരെ വിളിച്ച് സംസാരിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയ്യാറായില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇരുപക്ഷത്തും നിൽക്കുന്നവർ കോൺഗ്രസ് പ്രവർത്തകരായതിനാൽ താൻ ഒരു പക്ഷം പിടിക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് രമ്യ ഹരിദാസ് പറയുന്നു.

