കെഎസ്ആർടിസി യ്ക്ക് പരിശീലനം ഇനി കോഴിക്കോട് ഐഐഎം ൽ
കെഎസ്ആർടിസിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ട പരിശീലനവും മറ്റ് അനുബന്ധ നിർദേശങ്ങളും നൽകുന്നതിനുവേണ്ടി കോഴിക്കോട് ഐഐ എമ്മുമായിട്ട് ധാരണയിലെത്തുന്നു.
തിരുവനന്തപുരം: കെഎസ്ആർടിസിയും ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു. കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും ഉയർത്താനുള്ള നീക്കമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനും മാനേജ്മെന്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുമായി ധാരണാപത്രം ഒപ്പിടാനുള്ള നടപടികൾ ആരംഭിച്ചു.
. മന്ത്രി സി.പി. ജോണിന്റെയും ഐഐഎം ഡയറക്ടറുടെയും കെഎസ്ആർടിസി സിഎംഡിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കെഎസ്ആർടിസി തയാറാക്കിയ ധാരണാപത്രത്തിന്റെ കരട് ഐഐഎം ഡയറക്ടർക്ക് കൈമാറി. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് മാനേജ്മെന്റ് പരിശീലനവും നേതൃത്വ വികസനവും നൽകുകയാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.
. ഐടി, സാങ്കേതികം, അക്കൗണ്ട്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് പുറമെ യാത്രക്കാരുമായി നേരിട്ട് ഇടപെടുന്ന ഡ്രൈവർമാർ, കണ്ടക്ടർമാർ,സ്റ്റേഷൻ മാസ്റ്റർമാർ എന്നിവർക്കും പ്രത്യേക പരിശീലനം നൽകും. ആശയവിനിമയം,സുരക്ഷാബോധം എന്നിവയ്ക്കൊപ്പം സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവരോടുള്ള മെച്ചപ്പെട്ട സേവനവും പരിശീലനത്തിന്റെ ഭാഗമാകും.
. പരിശീലന ഫീസ്, പഠനസാമഗ്രികൾ, താമസ സൗകര്യം എന്നിവയുൾപ്പെടെയുള്ള വിശദമായ രൂപരേഖ ഐഐഎം സമർപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ അഭിപ്രായ സർവേകൾ, ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണം, നിർമിത ബുദ്ധി, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയവയുടെ സഹായത്തോടെ കെഎസ്ആർടിസിയുടെ പ്രവർത്തന സംവിധാനങ്ങൾ മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്.
. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം എന്നിവയിലൂടെ ഉണ്ടാകുന്ന പുതിയ ലോജിസ്റ്റിക്സ് സാധ്യതകൾ കെഎസ്ആർടിസിക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള പഠനങ്ങളും നടത്തും. ഐഐഎം വിദ്യാർഥികൾക്ക് കെഎസ്ആർടിസിയിൽ ഇന്റേൺഷിപ്പിനുള്ള അവസരവും ഒരുക്കുന്നുണ്ട്.

