headerlogo
politics

സിപിഐഎമ്മിന്റെ വിശാല സംസ്ഥാന സമിതിക്ക് കോഴിക്കോട് തുടക്കമായി

നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച കനത്ത തിരിച്ചടിയുടെ കാരങ്ങൾ കണ്ടെത്താനും ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടികൾക്ക് രൂപരേഖയുണ്ടാക്കാനുമാണ് വിശാല സമിതി ചേരുന്നത്.

 സിപിഐഎമ്മിന്റെ വിശാല സംസ്ഥാന സമിതിക്ക് കോഴിക്കോട് തുടക്കമായി
avatar image

NDR news

13 Sep 2026 04:33 PM

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും പാർട്ടിയിലെ ജനവിശ്വാസം വീണ്ടെടുക്കുന്നതിനുള്ള തിരുത്തൽ നടപടികൾക്ക് രൂപം നൽകാനുമായി സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതിക്ക് കോഴിക്കോട്ട് തുടക്കമായി. പാർട്ടിയുടെ സംഘടനാ സംവിധാനത്തിലും പോഷക സംഘടനകളുടെ പ്രവർത്തനത്തിലും അടക്കം അടിയന്തരമായി ഇടപെടേണ്ട മേഖലകൾ സംബന്ധിച്ച ഗൗരവമേറിയ ചർച്ചകൾക്കാണ് യോഗം വേദിയാകുന്നത്.

.     സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് വളപ്പിലെ എകെജി ഹാളിന് മുന്നിൽ മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പാർട്ടി പതാക ഉയർത്തിയതോടെയാണ് യോഗത്തിന് ഔദ്യോഗിക തുടക്കമായത്. തുടർന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം.എ. ബേബി സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്തതോടെയാണ് പ്രധാന ചർച്ചകൾക്ക് തുടക്കമായത്.

.      സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിക്കുന്ന റിപ്പോർട്ടാണ് വിശദമായ ചർച്ചകൾക്ക് വിധേയമാകുക. സംസ്ഥാന സമിതി നേരത്തെ നടത്തിയ ചർച്ചകളിൽ ഉയർന്നുവന്ന തിരുത്തൽ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ രേഖയാണ് വിശാല സംസ്ഥാന സമിതിയുടെ പരിഗണനയിൽ. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഭാവി പ്രവർത്തനരീതിയിലും സംഘടനാ സംവിധാനത്തിലും എന്തെല്ലാം മാറ്റങ്ങൾ വേണമെന്നതിൽ പ്രതിനിധികൾ നിലപാട് വ്യക്തമാക്കും.

വ്യക്തികളെ കേന്ദ്രീകരിച്ചുള്ള തർക്കങ്ങളിലേക്ക് ചർച്ചകൾ വഴിമാറാതിരിക്കാനുള്ള ജാഗ്രതയാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. അതേസമയം, പാർട്ടിയുടെ പ്രവർത്തനത്തിലെ വീഴ്ചകൾ തുറന്നുപറയുന്ന ശക്തമായ സ്വയംവിമർശനമാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.

.    പാർട്ടി കേഡർമാരിൽ വലിയൊരു വിഭാഗം സജീവ പ്രവർത്തനങ്ങളിൽനിന്ന് അകന്നുനിൽക്കുന്നതും സംഘടനാ പ്രവർത്തനങ്ങളുടെ ഊർജം കുറഞ്ഞതുമാണ് പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പാർട്ടിയുടെ വർഗ-ബഹുജന സംഘടനകളുടെ പ്രവർത്തനങ്ങളിൽ ക്രിയാത്മകത നഷ്ടപ്പെട്ടതായും ചർച്ചാ രേഖ വിലയിരുത്തുന്നു. അടിയന്തരമായി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പാർട്ടിയുടെ ജനകീയ അടിത്തറയ്ക്ക് കൂടുതൽ തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പും രേഖയിലുണ്ട്.

NDR news
13 Sep 2026 04:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents