headerlogo
politics

ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം നാളെ തുടങ്ങും

ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടമായ തൂഫാൻ തദ്ദേശം സെപ്റ്റംബർ 28 തിങ്കളാഴ്ച വേങ്ങരയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

 ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം നാളെ തുടങ്ങും
avatar image

NDR news

27 Sep 2026 03:38 PM

തിരുവനന്തപുരം: കേരളത്തിൽ ലഹരി മാഫിയയ്‌ക്കെതിരെ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടത്തിന്‌ സെപ്റ്റംബർ 28 തിങ്കളാഴ്ച മലപ്പുറത്തെ വേങ്ങരയിൽ തുടക്കമാകുന്നു. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ്‌ മന്ത്രി രമേശ്‌ ചെന്നിത്തല നിർവ്വഹിക്കും. ചടങ്ങിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി കെ.എം. ഷാജി സ്വാഗതം ആശംസിക്കും. റവന്യുമന്ത്രി എ പി അനില്‍കുമാര്‍ പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നത്തും. ക്രമ സമാധാന ചുമതല യുള്ള എ ഡി ജി പി പി വിജയൻ പങ്കെടുക്കും .തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ തൂഫാന്‍ സന്ദശം നല്‍കും.

        എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ അബ്ദുള്‍ സമദ്സമദാനി, പി വി അബ്ദുള്‍ വഹാബ്, എം എല്‍ എമാര്‍ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മ്മാര്‍, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേവലം ഒരു ഔദ്യോഗിക പൊലീസ് ദൗത്യത്തിനപ്പുറം കേരള സമൂഹം ഒന്നാകെ നെഞ്ചിലേറ്റിയ വൻ ജനകീയ മുന്നേറ്റമായി മാറുകയാണ്‌, തൂഫാൻ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പൂർണ്ണ സഹകരണത്തോടെ, ലഹരിവിരുദ്ധ പോരാട്ടം ഓരോ വീടുകളിലേക്കും നാടിന്റെ ഓരോ മുക്കിലും മൂലയിലേക്കും വ്യാപിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. 

.      നാടിന്റെ നാനാതുറകളിലുള്ള ജനങ്ങളെ അണിനിരത്തി ലഹരിക്കെതിരെ തീർത്ത ശക്തമായ പ്രതിരോധമാണ് തൂഫാൻ ഒന്നാം ഘട്ടത്തെ അഭൂതപൂർവമായ വിജയത്തിലെത്തിച്ചത്. ജനകീയ പങ്കാളിത്തം നൽകിയ ഈ വലിയ ഊർജ്ജവും ആത്മവിശ്വാസവും മുൻനിർത്തിയാണ് കൂടുതൽ വിപുലമായ പ്രവർത്തനങ്ങളോടെ രണ്ടാം ഘട്ടത്തിലേക്ക് പദ്ധതി കടക്കുന്നത്. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ പോരാട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ താഴെത്തട്ടിലുള്ള ഓരോ വാർഡിലേക്കും വ്യാപിപ്പിക്കും. പൊതുജനങ്ങളെയും പ്രാദേശിക കൂട്ടായ്മകളെയും ഉൾപ്പെടുത്തി എല്ലാ വാർഡുകളിലും പ്രത്യേക 'തൂഫാൻ സമിതികൾ' രൂപീകരിക്കും. നാട്ടിൽ ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിന് ഈ ജനകീയ സമിതികൾ മുന്നണിപ്പോരാളികളായി പ്രവർത്തിക്കും.

.      സംസ്ഥാന തല ഉദ്ഘാടനത്തോടൊപ്പം കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ആസ്ഥാനങ്ങളിലും അതാത് പ്രസിഡന്റുമാരും ചെയർപേഴ്‌സൺമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 'തൂഫാൻ പതാക' ഉയർത്തും. 

.     ലഹരി വേട്ടയ്ക്കും കർശന നിയമനടപടികൾക്കുമൊപ്പം ഇരകളാകുന്നവരെ സംരക്ഷിക്കാനും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുമുള്ള ജനകീയ ഉത്തരവാദിത്തവും രണ്ടാം ഘട്ടം ഏറ്റെടുക്കുന്നു. ഇതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും (IMA) സംസ്ഥാനത്തെ 35-ഓളം പ്രമുഖ ആശുപത്രികളുടെയും സഹകരണത്തോടെ ലഹരിമുക്തിക്കും പുനരധിവാസത്തിനുമായി പ്രത്യേക പ്രോട്ടോക്കോൾ നടപ്പിലാക്കും. ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, റസിഡൻസ്‌ അസോസിയേഷനുകൾ തുടങ്ങി നിരവധി സംഘടനകളും സംവിധാനങ്ങളും തൂഫാന്റെ ഭാഗമാകും.

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 116 ദിവസം പിന്നിട്ടപ്പോൾ 11555 കേസുകളും 12449 അറസ്റ്റുകളും നടന്നു.

NDR news
27 Sep 2026 03:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents