ഡോ.എം.കെ മുനീർ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ
ഡോ.എം.കെ മുനീറിനെ ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു
കോഴിക്കോട് : മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിനെ ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടായത്.
. എഴുത്തുകാരൻ, ഭരണാധികാരി, കലാകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങൾ അടയാളപ്പെടുത്തിയ ഡോ. മുനീറിന്റെ പുതിയ നിയോഗം കേരള സർക്കാറിന് മുതൽക്കൂട്ടായിരിക്കും. മുസ്ലിം യൂത്ത് ലീഗിന്റെ അമരക്കാരനായിരുന്ന ഡോ. മുനീർ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പദവി ഉൾപ്പെടെ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ വഹിച്ച വ്യക്തിത്വമാണ്. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉന്നതാധികാര സമിതിയിലും അംഗമാണ്. 1987-ൽ കോഴിക്കോട് കോർപറേഷൻ കൗൺസിലറായി.1991-ൽ കോഴിക്കോട് സൗത്തിൽനിന്നും 1996-ലും 2011-ലും മലപ്പുറത്തുനിന്നും നിയമസഭാ സാമാജികനായി. 2001 മുതൽ 2006 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും 2011 മുതൽ 2016 വരെ പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പുമന്ത്രിയുമായി. 2016ൽ കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തിലും 2021ൽ കൊടുവള്ളി മണ്ഡലത്തിലും സാമാജികനായി. 2017ൽ മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവായും പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചു.
. ഫാഷിസവും സംഘ്പരിവാറും, സ്‌കെച്ചസ്, അനുഭവം ഓർമ യാത്ര, സംഭാഷണങ്ങൾ, ഭീകരത: പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ, ശ്രീനാരായണഗുരു-മൂന്ന് വിചാരങ്ങൾ, പറഞ്ഞു തീരാത്ത ഒരു ജീവിതമെന്ന ശിഹാബ് തങ്ങളുടെ ജീവചരിത്രം, പശുദേശീയത എന്നിങ്ങനെ കനപ്പെട്ട ഗ്രന്ഥങ്ങൾ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരനാണ് ഡോ. എം.കെ മുനീർ. 1998-ലെ സി അച്യുതമേനോൻ പുരസ്‌കാരവും ജെ കെ വി അവാർഡും എസ്‌കെ പൊറ്റേക്കാട്ട് അവാർഡും അദ്ദേഹത്തെ തേടിയെത്തി. ഒലിവ് പബ്ലിക്കേഷൻസ് ചെയർമാൻ എന്ന നിലയിൽ പ്രസാധകലോകത്തും എം.കെ മുനീർ ശ്രദ്ധേയനാണ്. നഫീസ വിനീതയാണ് ഭാര്യ. മുഹമ്മദ് മുഫലിഹ്, മുഹമ്മദ് മിന്നാഹ്, ആമിന ഫാത്തിമ മലീഹ എന്നിവർ മക്കളാണ്.

