സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഇനി കളറാക്കാം
സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം കളര്‍ കോഡാക്കിയത് പിന്‍വലിച്ചു സർക്കാർ ഉത്തരവിറക്കി.
തിരുവനന്തപുരം:സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം കളര്‍ കോഡാക്കിയത് പിന്‍വലിച്ചു. ഉടമകള്‍ക്ക് ബസിന് ഇഷ്ടമുള്ള നിറം അടിക്കാം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഹൈക്കോടതിയുടെ മാനദണ്ഡം പാലിക്കണം.ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും കണക്കിലെടുത്താണ് തീരുമാനം. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയാണ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
. 2022 ഒക്ടോബറില്‍ വടക്കഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം. ടൂറിസ്റ്റ് ബസുകളില്‍ സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും ഗ്രാഫിക്‌സുകളും ഉപയോഗിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നുതുടര്‍ന്ന്, ബസുകളിലെ അമിത ലൈറ്റുകളും ഗ്രാഫിക്സുകളും സ്പീക്കറുകളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. വെള്ളനിറം മറ്റ് ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുമെന്നതിനാലാണ് തെരഞ്ഞെടുത്തത്
. റോഡ് സുരക്ഷയും വാഹനങ്ങളുടെ നിറവും തമ്മില്‍ ബന്ധമില്ലെന്നും ഏകീകൃത നിറം തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്നും കാണിച്ച് ബസ് ഉടമകള്‍ പരാതി നല്‍കിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ കേരളത്തില്‍ ഓടുമ്പോള്‍ കേരളത്തിലെ ബസുകള്‍ക്ക് മാത്രം വെള്ള നിറം നിര്‍ബന്ധമാക്കിയത് തിരിച്ചടിയായെന്നായിരുന്നു പരാതി. ഇതോടെ പലരും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയതോടെ നികുതി വരുമാനത്തില്‍ ഇടിവ് വന്നു. ഈ പശ്ചാത്തലത്തിലാണ് പുനഃപരിശോധന.
. എന്നാല്‍ റോഡ് സുരക്ഷ മുന്‍നിര്‍ത്തി ബസുകളില്‍ സിനിമാ താരങ്ങളുടെ വലിയ കട്ടൗട്ടുകളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം ഇനിയും തുടരും.
.

