ആർ ശ്രീലേഖ രാജി പിൻവലിച്ചു
ബിജെപി നേതൃത്വമായിട്ടുള്ള ചർച്ചയെ തുടർന്ന് കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ രാജി പിൻവലിച്ചു
തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ രാജി പിൻവലിച്ചു. ബി ജെ പി നേതൃത്വം അനുനയിപ്പിച്ചതോടെയാണ് രാജി പിൻവലിച്ചത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് അധ്യക്ഷൻ അറിയിച്ചതായാണ് വിവരം. രാജി തീരുമാനം മാറ്റിയതോടെ വാട്സ്ആപ്പിൽ പങ്കുവെച്ച 'രാജി സന്ദേശ'വും ശ്രീലേഖ ഡിലീറ്റ് ചെയ്തിട്ടുണ്ട്
. സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് ആർ ശ്രീലേഖ വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിച്ചിരുന്നു.കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. എന്നാൽ ആർ ശ്രീലേഖ രാജിവെച്ച വിവരം അറിഞ്ഞത് വാർത്തകളിലൂടെയാണ് എന്നായിരുന്നു മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും പ്രതികരിച്ചത്.
. ശ്രീലേഖയുമായി കുടിക്കാഴ്ച നടത്തി പ്രശ്നപരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി നേതൃത്വം. രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാതെ മേയർക്ക് നൽകിയത് ഒത്തുതീർപ്പ് ചർച്ചയ്ക്ക് വേണ്ടിയാണെന്ന് പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിരുന്നു.

