ഇന്ത്യ സഖ്യം നേതാക്കൾ രാഷ്ട്രപതിയെ സന്ദർശിച്ച് നിവേദനം നൽകി
രാജ്യത്തെ എസ് ഐ ആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗണേഷ് കുമാറിനെതിരെ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ സന്ദർശിച്ച് നിവേദനം നൽകി
ന്യൂഡല്‍ഹി: വോട്ടുകള്‍ മോഷ്ടിക്കപ്പെടുകയാണെന്ന് രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും അറിയാമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇതിന്റെ മുഖ്യ ആസൂത്രകന്‍ നരേന്ദ്ര മോദിയാണ്. അമിത് ഷായും ഗ്യാനേഷ് കുമാറും അത് നടപ്പാക്കുന്നവരാണ്. ഇന്ന് രാഷ്ട്രപതിയും ഈ വസ്തുത നിഷേധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി മറ്റ് ഇന്ത്യാസഖ്യ നേതാക്കള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്തി നിവേദനം കൈമാറിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
. അവിശ്വസനീയമെന്ന് തോന്നുന്ന ഒരു കൂടിക്കാഴ്ചയ്ക്കാണ് താന്‍ സാക്ഷിയായത്. ഞങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് ഒരു നിവേദനം സമര്‍പ്പിച്ചു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആ നിവേദനത്തില്‍ ഞങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രപതി ഒരുതരത്തിലും നിഷേധിച്ചില്ല. അവയെ ചോദ്യം ചെയ്യുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല.ഞങ്ങളുടെ വാദം അവര്‍ അംഗീകരിക്കുകയും തുടര്‍ന്ന് 'വോട്ട് മോഷണത്തിന്റെ' തെളിവുകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, രാഹുല്‍ പറഞ്ഞു.
. രാജ്യത്തിനാകമാനം 'വോട്ട് മോഷണത്തിന്റെ' തെളിവുകള്‍ അറിയാമെന്ന് ഞാന്‍ പറഞ്ഞു. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പുകള്‍ മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും മോഷ്ടിക്കപ്പെട്ടു. എന്നിട്ടും രാഷ്ട്രപതി ഞങ്ങളോട് തെളിവുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ ശേഖരിച്ച തെളിവുകള്‍ സ്വീകരിക്കാന്‍ രാഷ്ട്രപതി തയ്യാറാകുമ്പോള്‍ അവര്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ ഈ സംഘം സന്തോഷത്തോടെ തയ്യാറാണ്, രാഹുല്‍ പറഞ്ഞു. 'വോട്ട് മോഷണം' നടക്കുന്നുണ്ടെന്ന ആരോപണം രാഷ്ട്രപതി നിഷേധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. ഇന്ത്യയില്‍ സ്വതന്ത്രവുംനീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് സംവിധാനമാണ് നിലവിലുള്ളതെന്ന് അവര്‍ പറയുമെന്നും കരുതി. എന്നാല്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രപതി അംഗീകരിച്ചത് എന്നെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്തെന്നും രാഹുല്‍ പറഞ്ഞു.
. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ടിഎംസി നേതാവ് മമതാ ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എസ്പി നേതാവ് രാജീവ് റായ്, എന്‍സിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എന്‍സി നേതാവ് ഒമര്‍ അബ്ദുള്ള, ആര്‍ജെഡി എംപി മനോജ് ഝാ, വിസികെ നേതാവ് തോല്‍ തിരുമാളവന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് രാഷ്ട്രപതിയെ കാണാന്‍ പോയത്.

