പി എസ് സി ആസൂത്രണ ബോർഡ് പരീക്ഷ പുതിയ റാങ്ക് ലിസ്റ്റൽ പരാതിക്കാരൻ ഒന്നാമൻ
പി എസ് സി നടത്തിയ ആസൂത്രണ ബോർഡ് പരീക്ഷയിൽ ക്രമക്കേട് ഉന്നയിച്ച പരാതിക്കാരൻ ഒന്നാം റാങ്കുകാരനാവുകയും ആദ്യം ഒന്നാം റാങ്ക് കിട്ടിയയാൾ അഞ്ചാം റാങ്കുകാരനാവുകയും ചെയ്തത് പി എസ് സി യുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും പരാതിക്കാരൻ ഒന്നാം റാങ്കുകാരനാകുകയും ചെയ്തതോടെ ചോദ്യം ചെയ്യപ്പെടുന്നത് പി.എസ്.സിയുടെ വിശ്വാസ്യത. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന നിയമനങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ അത് പി.എസ്.സിയെ വീണ്ടും സംശയനിഴലിലാക്കും.
. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് പി.എസ്.സി വഴി നടന്ന പല നിയമനങ്ങളിലെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചക്ക് ബലിയാടാവുന്നത് ഉദ്യോഗാർഥിയാണെന്ന വസ്തുതയുമുണ്ട്. പഴയ റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം ലഭിച്ചയാൾ ഇടതു സംഘടന പ്രവർത്തകനാണെന്നും ഇയാൾക്കായി പി.എസ്.സി ക്രമക്കേട് നടത്തിയെന്നുമാണ് ആരോപണമെങ്കിലും ഇക്കാര്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയണം. ഒന്നേകാൽ വർഷമായി ഒരുതസ്തികയിൽ ജോലിചെയ്യുന്നയാളെയാണ് പിരിച്ചുവിടേണ്ടത്. ഇതിനെതിരെ അദ്ദേഹം കോടതിയെ സമീപിക്കാ നിടയുള്ളതിനാൽ നടപടി നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.
. ചുരുക്കത്തിൽ പരാതിക്കാരനെ ഒന്നാം റാങ്കു കാരനാക്കി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് വിവാദങ്ങളിൽനിന്ന് താൽക്കാലികമായി തലയൂരുക മാത്രമാണ് പി.എസ്.സി ചെയ്തത്. പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ആരോപണം ഉയർന്നപ്പോൾതന്നെ മാർക്ക് ലിസ്റ്റടക്കം ഉദ്യോഗാർഥികൾക്ക് നൽകാതെ പ്രതിരോധിക്കാനാണ് പി.എസ്.സി ശ്രമിച്ചത്. പി.എസ്.സിയുടെ രഹസ്യാത്മകതയാണ് ഉദ്യോഗാർഥികളിൽ സംശയമുയർത്തിയത്. ഒടുവിൽ വീഴ്ച സമ്മതിച്ചപ്പോഴും ക്ലറിക്കൽ പിഴവെന്ന് പറഞ്ഞ് നിസ്സാരവത്കരിച്ചു.

