സുപ്രീംകോടതിയിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായി സീനിയർ അഭിഭാഷകൻ കപിൽസിബൽ
എസ് ഐ ആർ മായി ബന്ധപ്പെട്ട് പൗരാവകാശം സംരക്ഷിക്കാൻ നിരവധി തവണ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തനിക്ക് ആശ്വാസം കിട്ടിയിട്ടില്ലെന്ന് രാജ്യസഭാംഗം കൂടിയായ കപിൽ സിബൽ വ്യക്തമാക്കി
ന്യൂഡൽഹി: പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ വീണ്ടും സമീപിക്കുന്നതിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ .
. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും എസ്ഐആർ പ്രക്രിയയ്ക്കും എതിരേ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിലെ പൊലിസ് നടപടിയെ വിമർശിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സിബൽ ഇക്കാര്യം പറഞ്ഞത്. എസ്ഐആറിലൂടെ നിരവധിപ്പേരെ അനധികൃതമായി ഒഴിവാക്കിയത് സംബന്ധിച്ച് സുപ്രീംകോടതിയെ പലതവണ സമീപിച്ചെങ്കിലും യാതൊരു ആശ്വാസവും ലഭിച്ചില്ലെന്ന് സിബൽ ആരോപിച്ചു.
. എസ്ഐആറുമായി ബന്ധപ്പെട്ട് ബംഗാളിൽ അപ്പലേറ്റ് ട്രൈബ്യൂണലുകൾ 93 ശതമാനം കേസുകളിലും വോട്ടർമാരുടെ പേരുകൾ തിരികെ ചേർത്തു. ഇതോടെ എസ്ഐആറിൽ വീഴ്ച സംഭവിച്ചെന്ന് മനസിലായെങ്കിലും കോടതി ഇക്കാര്യത്തിൽ ഇടപെടില്ലെന്നു സിബൽ ചൂണ്ടിക്കാട്ടി. ഇക്കാലത്ത് ഭരണഘടനയെ സംരക്ഷിക്കാൻ സുപ്രീംകോടതിക്ക് കഴിയുമെങ്കിലും അവിടെ പോകുന്നതുകൊണ്ട് ഇനി പ്രയോജനമില്ലെന്ന് കരുതുന്നതായും സിബൽ പറഞ്ഞു.
. ഇന്നലെ സുപ്രീംകോടതി പ്രത്യേകമായി ചേർന്നപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സിബലിന്റെ പരാമർശം ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ പരാമർശിച്ചിരുന്നു. എന്നാൽ ഇത്തരം പരാമർശങ്ങളെ നിയന്ത്രിക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്.

