യുപിഐ എംഡിആർ ചാർജ് ഈടാക്കുന്നത് മാറ്റി
യുപിഐ എം ഡി ആർ ചാർജ് ഈടാക്കുന്നത് ഒക്ടോബർ 15 എന്നത് നവംബർ അവസാനത്തേക്ക് മാറ്റി
ഡൽഹി: യുപിഐ സിസ്റ്റങ്ങളുടെ പ്രവർത്തനം, സൈബർ സുരക്ഷ, തട്ടിപ്പുകള്‍ തടയല്‍, ഉപഭോക്തൃ പിന്തുണ എന്നിവയ്‌ക്കാവശ്യമായ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് കണ്ടെത്തുന്നതിനാണ് ഈ ഫീസ് കൊണ്ടുവരുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ചാർജ് ഉപഭോക്താക്കള്‍ നല്‍കേണ്ടതില്ലെന്നും, വ്യാപാരികള്‍ മാത്രമാണ് നല്‍കേണ്ടതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികള്‍ തമ്മിലുള്ള (പി2പി) ഇടപാടുകളും ദിനംപ്രതിയുള്ള സാധാരണ വ്യാപാരി ഇടപാടുകളും സൗജന്യമായി തന്നെ തുടരും.
. മുൻപ് ഒക്ടോബർ 15-നായിരുന്നു ഇത് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ ചെലവഴിക്കല്‍ വർദ്ധിക്കുന്ന ഉത്സവ സീസണായതിനാല്‍, സിസ്റ്റങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു.
. നേരത്തെ സെപ്റ്റംബറിലാണ് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 0.4 ശതമാനം എം.ഡി.ആർ ഈടാക്കാൻ യുപിഐ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചത്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിന് വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന ഫീസാണിത്. 0.4 ശതമാനം എന്നാല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളില്‍, ഓരോ 2,000 രൂപയ്ക്കും 8 രൂപയും, 10,000 രൂപയുടെ ഇടപാടിന് 40 രൂപയും വീതമാണ് ഫീസായി വരുന്നത്. 75,000 രൂപയോ അതില്‍ കൂടുതലോ ഉള്ള ഇടപാടുകള്‍ക്ക് പരമാവധി 300 രൂപ മാത്രമായിരിക്കും ചാർജ് പരിധി.

