മതം മാറുന്നവർക്ക് സംവരണം നിഷേധിക്കരുത്: സി പി എം
ഹിന്ദു മതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് മാറുന്നവർക്ക് സംവരണം നിഷേധിച്ച സുപ്രീംകോടതി നിലപാടിനെതിരെ സിപിഎം
തിരുവനന്തപുരം : ഹിന്ദുമതത്തിൽ നിന്ന് മതം മാറുന്നവർക്ക് സംവരണം നിഷേധിക്കുന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ സിപിഎം. മതപരിവർത്തനത്തിന് മുമ്പ് ലഭിച്ച എല്ലാ സംവരണാനുകൂല്യങ്ങളും വ്യക്തികൾക്ക് തുടർന്നും ലഭിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
. മതംമാറുന്നവർക്ക് സംവരണാനുകൂല്യം നിഷേധിക്കുന്ന വിധികൾ സുപ്രീംകോടതി നേരത്തെയും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം വിധികൾ ഭരണഘടന വിഭാവനംചെയ്യുന്ന തുല്യതയ്ക്കും സാമൂഹികനീതിക്കും വിരുദ്ധമാണ് സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.സാമൂഹികനീതി നിർണയിക്കേണ്ടത് മതസ്വത്വത്തിന്റെ അടിസ്ഥാനത്തിലാകരുത്. അടിച്ചമർത്തൽ, ജാതിവിവേചനം, വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക അവസരങ്ങൾ എന്നിവ പരിഗണിച്ചാകണം.ജാതിവിവേചനവും അതുമായി ബന്ധപ്പെട്ട സാമൂഹിക–സാമ്പത്തിക പിന്നാക്കാവസ്ഥയും മതപരിവർത്തനത്തിലൂടെ സ്വഭാവികമായും ഇല്ലാതാകില്ല
. ദളിതർക്കും മറ്റ് പിന്നോക്കവിഭാഗക്കാർക്കും അവരുടെ മതം ഏതെന്ന പരിഗണന കൂടാതെ സംവരണാ നുകൂല്യങ്ങൾ ഉറപ്പാക്കി ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. സംവരണത്തിന് കോടതി നിശ്ചയിച്ച 50 ശതമാനം പരിധി മാറ്റാൻ ആവശ്യമായ ഭരണഘടനാ നടപടികളിലേക്കും സർക്കാർ നീങ്ങണമെന്നും സിപിഎം ആവശ്യപ്പെട്ടു.

